റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ “കേളി സോക്കർ-3 – 2026” അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഫാൽക്കൺ എഫ്.സി. അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി., അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്.സി., പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്.സി. അൽ ഖർജ് എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 5 മണിവരെ നീണ്ടുനിന്നു.
ആദ്യ റൗണ്ട് മത്സരങ്ങൾക്കുശേഷം നടന്ന ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി. 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി. രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്.സി.യെ മറികടന്നു.
ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി.യെ തോൽപ്പിച്ച് ചാമ്പ്യൻമാരായി. ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു. റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി.
സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ അബ്ദുൾ കലാം (ചെയർമാൻ), ഗോപാൽ ചെങ്ങന്നൂർ (സാമ്പത്തിക കൺവീനർ) എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി അംഗങ്ങൾ ടൂർണമെന്റിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.
![]()
