റിയാദ്: ഇന്ത്യൻ ഗാനചക്രവർത്തി എന്നറിയപ്പെടുന്ന മുഹമ്മദ് റാഫി സാഹിബിന്റെ 46-ാം ഓർമ്മദിനം ഗൾഫ് മലയാളി ഫെഡറേഷൻ (GMF) റിയാദിൽ ശ്രദ്ധേയമായി ആചരിച്ചു. റിയാദ് മലാസിലെ ചെറീസ് ഫാമിലി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ച് ഗായകൻ റഹീം ഉപ്പള സദസിനെ സംഗീതസാഗരത്തിലാഴ്ത്തി.
മൂന്ന് മണിക്കൂറിലേറെ നീണ്ട സംഗീതവിരുന്നിൽ റഹീം ഉപ്പളയുടെ മധുരമൂറുന്ന ആലാപനം സദസ്സിലുണ്ടായിരുന്ന സംഗീതാസ്വാദകരെ ആകർഷിച്ചു. റിയാദിലെ മലയാളികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതപ്രേമികളും അദ്ദേഹത്തെ “മുഹമ്മദ് റാഫിയുടെ മധുരശബ്ദത്തിന്റെ ഉടമ” എന്ന് വിശേഷിപ്പിക്കുന്നതിന്റെ തെളിവായി ഓരോ ഗാനവും പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി.
ഹിന്ദി അവതാരകനായ വക്കാർ മുഹമ്മദ് റാഫിയുടെ ജീവിതവും സംഗീതയാത്രയും ഓരോ ഗാനത്തിനിടയിലും മനോഹരമായി അവതരിപ്പിച്ചു. പരിപാടിക്ക് GMF GCC ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു.
ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകർ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ആസ്വദിച്ചു.
പരിപാടിയുടെ ഏകോപനം നൗഫൽ വടകര നിർവഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ബിജു പത്തനംതിട്ട, ഉണ്ണി കൊല്ലം, അശ്റഫ് ചേലാമ്പ്ര, സലിം മാഹി, സിദ്ദീഖ് മലാസ് മജ്ലിസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ഈ സംഗീതസന്ധ്യ, സംഗീതപ്രേമികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി മാറി.
![]()
