ആലപ്പുഴ: പ്രവാസികളും മടങ്ങിയെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ഡാണാപ്പടി ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി ലീഗൽ സെൽ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സമൂഹം വിദേശത്തും നാട്ടിലും നിരവധി നിയമപരവും സാമൂഹികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ശരിയായ നിയമാവബോധവും സമയബന്ധിതമായ നിയമസഹായവും ലഭിച്ചാൽ അവയിൽ പലതും ഫലപ്രദമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അവകാശസംരക്ഷണം, നിയമസഹായം, ബോധവത്കരണം, ക്ഷേമം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും അർഹരായവരിലേക്ക് കൃത്യമായി എത്തിക്കുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ ഫലപ്രദമായി കൊണ്ടുവരുന്നതിനും പ്രവാസി ലീഗൽ സെൽ സർക്കാരിനും പ്രവാസി സമൂഹത്തിനുമിടയിലെ ശക്തമായ പാലമായി പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പി എൽ സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജയൻ ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് പി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമബോധവത്കരണം, സർക്കാർ സംവിധാനങ്ങളുമായുള്ള ഏകോപനം, കാര്യക്ഷമമായ പരാതിപരിഹാര സംവിധാനം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സംഘടനയുടെ സമീപകാല നിയമ–നയ ഇടപെടലുകളും പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും വിശദീകരിച്ചു. പ്രവാസി പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള 60 വയസ് പ്രായപരിധി നീക്കുക, മടങ്ങിയെത്തിയ പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, അനധികൃത വിദേശ റിക്രൂട്ട്മെന്റിനെതിരായ ടാസ്ക് ഫോഴ്സ് ശക്തിപ്പെടുത്തുക, നിർദ്ദേശിക്കപ്പെട്ട NRI പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ SOP ഉടൻ പുറപ്പെടുവിക്കുക എന്നിവ അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്പോർട്ട് ഫീസും അനുബന്ധ സേവനച്ചെലവും അമിതമായി വർധിപ്പിച്ചതിനെതിരെ പ്രവാസി ലീഗൽ സെൽ നടത്തിയ ഇടപെടലും സമ്മേളനത്തിൽ വിശദീകരിച്ചു. പി എൽ സി നൽകിയ പൊതുതാൽപര്യ ഹർജിയിൽ, വിഷയം നിയമാനുസൃതമായി പരിശോധിച്ച് സമയബന്ധിതമായി തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചിരിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
അനധികൃത വിദേശ റിക്രൂട്ട്മെന്റിനെയും വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികളെയും നിയന്ത്രിക്കുന്നതിനായി മുൻ സർക്കാർ ആരംഭിച്ച നിയമനിർമാണ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കണമെന്നും കരടുനിയമം അടിയന്തരമായി പൂർത്തിയാക്കി നിയമസഭയിൽ അവതരിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റിക്രൂട്ട്മെന്റ് ഏജൻസികൾക്കും വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികൾക്കും നിർബന്ധിത രജിസ്ട്രേഷൻ, ഫീസ് നിയന്ത്രണം, തട്ടിപ്പുകാരുടെ സ്വത്ത് അറ്റാച്ച് ചെയ്ത് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനം എന്നിവ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ, പി എൽ സി സംസ്ഥാന കോ-ഓർഡിനേറ്ററും ജോയിന്റ് സെക്രട്ടറിയുമായ ബെന്നി പെരിക്കിലത്ത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം രക്ഷാധികാരിയും പ്രവാസി ലീഗൽ സെൽ ഭരണസമിതി അംഗവുമായ നസ്രുദീൻ വി ജെ, സ്വാഗതസംഘം ചെയർമാൻ ഷറഫുദ്ദീൻ ചോയ്സ് പ്ലാസ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പ്രവാസി സംവാദ പരിപാടിയിൽ അഡ്വ. ആർ. മുരളീധരൻ മോഡറേറ്ററായി. വർഗീസ് ജോസഫ്, തുളസീദാസ്, ബെന്നി പെരിക്കിലത്ത്, മോഹനകുമാർ ആയാപറമ്പ്, എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പ്രവാസികളും മടങ്ങിയെത്തിയവരും നേരിടുന്ന പെൻഷൻ, ഇൻഷുറൻസ്, നിയമസഹായം, റിക്രൂട്ട്മെന്റ് തട്ടിപ്പ്, പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പ്രശംസാഫലകങ്ങൾ സമ്മാനിക്കുകയും മുതിർന്ന മുൻപ്രവാസികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ പദ്മാലയം സ്വാഗതവും ജില്ലാ ട്രഷറർ സുരേന്ദ്രൻ കരുവാറ്റ നന്ദിയും പറഞ്ഞു.
പ്രവാസികളുടെ അവകാശം, ക്ഷേമം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനായി ആലപ്പുഴ ജില്ലാ കമ്മിറ്റി ബ്ലോക്ക്-നിയോജകമണ്ഡലം തലത്തിൽ സജീവമായ നിയമ–സഹായ സംവിധാനമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
