ദൽഹി :പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിനെതിരെ പ്രവാസി ലീഗൽ സെൽ കേരള ഘടകം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി മൂന്ന് ആഴ്ചയ്ക്കകം നിവേദനത്തിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി.
പ്രവാസി ലീഗൽ സെൽ കേരള ഘടകം വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള പാസ്പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ അപേക്ഷകരേക്കാൾ ഏകദേശം 330 മുതൽ 359 ശതമാനം വരെ കൂടുതലായ ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നതെന്നും, ഇതിന് പുറമെ VFS/BLS സർവീസ് ചാർജ്, കൊറിയർ ഫീസ്, യാത്രാചെലവ്, രേഖാചെലവ്, തൊഴിൽദിന നഷ്ടം തുടങ്ങിയ അധികബാധ്യതകളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്പോർട്ട് ഫീസ് യുക്തിസഹമായി കുറയ്ക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി തൊഴിലാളികൾക്കും തൊഴിൽ വിസയിലുള്ളവർക്കും പ്രത്യേക ഇളവ് നൽകുക, ഫീസ് വർധനയുടെ ചെലവുകണക്കും ന്യായീകരണവും പരസ്യപ്പെടുത്തുക, നിർബന്ധിത ഔട്ട്സോഴ്സിങ് ചാർജുകൾ പുനഃപരിശോധിക്കുക തുടങ്ങിയവയാണ് പ്രവാസി ലീഗൽ സെൽ പ്രധാനമായും ആവശ്യപ്പെട്ടത്.
2026 ജൂലൈ 22-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി തന്നെ നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും, അതിന്റെ വിവരം പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
പ്രവാസി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് എന്നത് ഒരു യാത്രാരേഖ മാത്രമല്ല. വിദേശത്ത് നിയമാനുസൃതമായി താമസിക്കാനും ജോലി ചെയ്യാനും വിസ പുതുക്കാനും ഉപജീവനം നടത്താനും അനിവാര്യമായ അടിസ്ഥാനരേഖയാണ്. പ്രവാസി തൊഴിലാളികളുടെ ആശങ്കകൾ അവഗണിക്കാതെ നിശ്ചിത സമയപരിധിക്കുള്ളിൽ ഔദ്യോഗികമായി പരിഗണിക്കണമെന്നതാണ് ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ പ്രധാന്യം.
വിദേശത്ത് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ട് ഫീസ് യുക്തിസഹമായി പുനഃക്രമീകരിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി തൊഴിലാളികൾക്ക് പ്രത്യേക ഇളവ് അനുവദിക്കുക, നിർബന്ധിത ഔട്ട്സോഴ്സിങ് സർവീസ് ചാർജുകൾ പുനഃപരിശോധിക്കുക, വർധിപ്പിച്ച ഫീസ് നിശ്ചയിച്ചതിന്റെ അടിസ്ഥാനവും ചെലവുകണക്കുകളും പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലീഗൽ സെൽ കേന്ദ്രസർക്കാരിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ നീതിയുക്തവും പ്രവാസി സൗഹൃദപരവുമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രവാസി ലീഗൽ സെൽ പ്രതീക്ഷിക്കുന്നത് . സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരവും ജനാധിപത്യപരവുമായ തുടർനടപടികൾ സ്വീകരിക്കാൻ പ്രവാസി ലീഗൽ സെൽ ബാധ്യസ്ഥമാണ്.
![]()
