റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമർപ്പിച്ചുകൊണ്ട്, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയനും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവും കൈകോർത്തു മറ്റൊരു ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടതായി ഭാരവാഹികൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സേവനമാണ് ആരംഭിച്ചത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും ചികിത്സയ്ക്കിടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കേണ്ടിവരുന്ന കുടുംബങ്ങൾക്കും ഈ സേവനം ഏറെ ഉപകാരപ്രദമാകും.
മലബാറിലെ ഗ്രാമീണ മേഖലയിലെ ഇടുങ്ങിയ വഴികളിലൂടെയും വീതി കുറഞ്ഞ റോഡുകളിലൂടെയും സുഗമമായി സഞ്ചരിക്കാനാകുന്ന രീതിയിലാണ് ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികളെ സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുന്നതിനും ചികിത്സയ്ക്കുശേഷം സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുന്നതിനും ഈ സേവനം സഹായകരമാകും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ യാത്രയുടെ ചെലവ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വളരെ കുറഞ്ഞ നിരക്കിൽ ഈ സേവനം ലഭ്യമാക്കുന്നത്. അത്യന്തം നിർധനരായ രോഗികളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൂർണമായും സൗജന്യ സേവനം നൽകുന്നതുമാണ്.

ഈയൊരു ബൃഹത്തായ ആംബുലൻസ് പദ്ധതിക്കായുള്ള ധനസഹായം കഴിഞ്ഞ ഏപ്രിൽ ഒന്നിന് കോഴിക്കോട് മർകസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികൾ ഔദ്യോഗികമായി കൈമാറിയിരുന്നു. പ്രവാസി സമൂഹത്തിന് നാടിനോടുള്ള ജീവകാരുണ്യ പ്രതിബദ്ധതയുടെ മറ്റൊരു ശ്രദ്ധേയമായ മാതൃകയായാണ് ഇപ്പോൾ ഈ സംരംഭം വിലയിരുത്തപ്പെടുന്നത്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
ഐ.സി.എഫ് റിയാദ് റീജിയന്റെ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ‘ദാറുൽ ഖൈർ’ ഭവനപദ്ധതിയിലൂടെ രണ്ട് വീടുകൾ നിർമിച്ച് കൈമാറുകയും, ‘സ്നേഹസ്പർശം’ മുൻപ്രവാസി പെൻഷൻ പദ്ധതി, മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന PFRF (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്), റമളാൻ ഹദിയ, ചികിത്സാസഹായം, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രാസഹായം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇതിനുപുറമെ നിലവിൽ ഓരോ മാസവും ഗുരുതര രോഗബാധിതരായ ഒട്ടനവധി രോഗികൾക്ക് അടിയന്തര ചികിത്സാ സഹായവും സംഘടന നൽകുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇത്തരം ജീവകാരുണ്യ-സാന്ത്വന പ്രവർത്തനങ്ങൾക്കായി ഒരു കോടിയിലധികം ഇന്ത്യൻ രൂപ ഐ.സി.എഫ് റിയാദ് റീജിയൻ ചെലവഴിച്ചുവെന്നത് സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. റിയാദിലെ പ്രമുഖ ഉംറ സേവന സ്ഥാപനമായ അൽ ഖുദ്സ് ഉംറ സർവീസുമായി സഹകരിച്ചാണ് ഐ.സി.എഫ് റിയാദ് റീജിയൻ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കുന്നത്.
സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായി ഇത്തരം പദ്ധതികൾ വരുംകാലങ്ങളിലും കൂടുതൽ വിപുലമായി തുടരുമെന്ന് ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികൾ അറിയിച്ചു.
മീഡിയ ഫോറം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ(റീജിയൻ പ്രസിഡന്റ്),ഇബ്രാഹിം കരീം( ജനറൽ സെക്രട്ടറി),അബ്ദുൽ മജീദ് താനാളൂർ(ഫിനാൻസ് സെക്രട്ടറി),ഫൈസൽ മമ്പാട്(ചെയർമാൻ,അൽ ഖുദ്സ് ),അബ്ദുൽ ജബ്ബാർ(വെൽഫെയർ സെക്രട്ടറി),അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്(പി ആർ ആൻഡ് മീഡിയ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
![]()
