റിയാദ്: സൗദിയിലെ വിവിധ മേഖലകളിലുള്ളവർക്ക് കാരുണ്യ ,കർമ്മ പുരസ്ക്കാരങ്ങൾ ഗൾഫ് മലയാളി ഫെഡറേഷൻ വിതരണം ചെയ്തു.
പ്രവാസജീവിതത്തിന്റെ 42-ാം വർഷത്തിലേക്ക് കടക്കുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റുമായ ബഷീർ അമ്പലായിക്ക് സ്നേഹാദരവ് നൽകി ആദരിച്ചു.പുരസ്കാരം വഫ നെസ്റ്റോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നാസർ കൈമാറി.
ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിൽ സജീവ സാന്നിധ്യമായ ബഷീർ അമ്പലായി നിലവിൽ ഈജിപ്ത് എംബസിയിൽ പി.ആർ.ഒ. ആയി സേവനമനുഷ്ഠിച്ചുവരുന്നു. ബഹ്റൈനിലെ വിവിധ സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളിലും ജിസിസി രാജ്യങ്ങളിലാകെ ആയിരക്കണക്കിന് ആളുകൾക്ക് സഹായഹസ്തം നീട്ടുന്ന സേവന പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
റിയാദിലെ സാമൂഹിക പ്രവർത്തകനായിരുന്ന സ്റ്റീഫൻ കോട്ടയത്തിന്റെ പേരിലുള്ള കാരുണ്യ പുരസ്കാരം അജേഷ് സാസ്കോയ്ക്ക് ജി എം എഫ് മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ കൈമാറി.

സൗദി അറേബ്യയിലെ റിയാദ്, ബുറൈദ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ 36 വർഷത്തോളം പ്രവാസജീവിതം നയിച്ച സ്റ്റീഫൻ കോട്ടയം സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ച അദ്ദേഹം, മരുഭൂമിയിൽ അകപ്പെട്ടവരെയും വിവിധ പ്രതിസന്ധികളിലായിരുന്ന അനേകം പ്രവാസികളെയും രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെ ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരുന്നു.
സ്റ്റീഫൻ കോട്ടയത്തോടൊപ്പം വർഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അജേഷ് സാസ്കോ. അദ്ദേഹത്തിന്റെ സേവനനിരതമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്റ്റീഫൻ കോട്ടയത്തിന്റെ പേരിലുള്ള കാരുണ്യ പുരസ്കാരത്തിന് അർഹനായി ഗൾഫ് മലയാളി ഫെഡറേഷൻ തെരഞ്ഞെടുത്തത്.
വഫ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, അബ്ദുൽ അസീസ്, പവിത്ര ഹരികൃഷ്ണൻ കണ്ണൂർ, സൗദി പൗരനും എഴുത്തുകാരനുമായ മുബാറക്ക് ഖലീഫ, സൗദി ഗായകൻ അഹമ്മദ് സുൽത്താൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
![]()
