റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗ വേദി. അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണന്റെഖ് ‘വന്ദേമാതരം’ എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു. കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന ‘ബീഹാർ’ എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.
1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു. സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന ‘ഓക്കിനാവയിലെ പതിവ്രതകൾ’ എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു. സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.
വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന ‘നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു. ജീവിതത്തിെൻറ ക്രൂരമായ അനുഭവങ്ങൾക്കിടയിലും നിഷ്കളങ്കമായ പുഞ്ചിരി കൈവിടാത്ത ഒരു വൃദ്ധയുടെ സാന്നിധ്യമാണ് ഈ കഥയുടെ വൈകാരിക കേന്ദ്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സമരങ്ങളിൽ ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടിട്ടും പതറാത്ത ആ സ്ത്രീയുടെ നനവാർന്ന കണ്ണുകളും പുഞ്ചിരിയും കഥയുടെ മാനുഷികവും രാഷ്ട്രീയവുമായ ആഴം വെളിപ്പെടുത്തുന്നതായി അദ്ദേഹം വിവരിച്ചു.
സ്വന്തമല്ലാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും തൊഴിലും ജീവിതവും കുടുംബവും നഷ്ടപ്പെടുകയും ചെയ്തവരുടെ കഥ പറയുന്ന ‘നിശ്ചലദൃശ്യങ്ങൾ’ സി.എം. സുരേഷ് ലാൽ വിവരിച്ചു. പരാജയപ്പെട്ട വിപ്ലവങ്ങളുടെ നഗ്നത മറയ്ക്കാൻ പ്രത്യയശാസ്ത്രത്തിന്റെ പുതിയ ആവരണങ്ങളും പ്രകൃതിയിലേക്ക് മടങ്ങൽ തുടങ്ങിയ ആധുനിക മറകളും ഉപയോഗിക്കുന്നതിനെ പരിഹാസപൂർവം നിരീക്ഷിക്കുന്നതാണ് ഈ കൃതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാട്ടുമണ്ണിന്റെ പശിമയിൽ നിന്ന് ഉരൂവംകൊണ്ട ‘തെയ്യങ്ങൾ’ എന്ന കഥയുടെ വായന സീബ കൂവോട് സദസുമായി പങ്കുവെച്ചു. തെയ്യം കലാകാരന്റെയും സുഹൃത്തുക്കളുടെയും പശ്ചാത്തലത്തിലുള്ള ഈ കഥയുടെ സാമൂഹിക-രാഷ്ട്രീയ മാനങ്ങൾ അവർ ചർച്ച ചെയ്തു. കഥാന്ത്യത്തിൽ ഗുളികൻ തെയ്യം യുവത്വത്തിന്റെയും ശക്തിയുടെയും പ്രതീകമായി മാറി, വിപ്ലവ മുദ്രവാക്യങ്ങളോടെ ജനങ്ങളുടെ സംരക്ഷണ കവചമായി മാറുന്ന മുഹൂർത്തങ്ങൾ അവർ വിവരിച്ചു.

അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണമായി വിലയിരുത്തപ്പെടുന്ന ‘മഞ്ഞ്’ എന്ന കഥയുടെ വിവിധ വായനാതലങ്ങൾ നജിം കൊച്ചുകലുങ്ക് വിശദീകരിച്ചു. ഹെമിങ്വേയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ സാന്തിയാഗോ എന്ന കഥാപാത്രത്തിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നതാണ് ഈ കഥ. ഭൂമിയിലേക്ക് പടർന്നിറങ്ങുന്ന ഭീതിയുടെ മഞ്ഞ് ഇരപിടിയൻ മൃഗങ്ങളെയാണ് ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥാവതരണങ്ങൾക്ക് ശേഷം നടന്ന സജീവമായ ചർച്ചയിൽ യു.പി. ജയരാജിന്റെ കുടുംബാംഗമായ പ്രകാശൻ കോറോത്ത് എഴുത്തുകാരനുമായുള്ള വ്യക്തിപരമായ ഓർമകൾ പങ്കുവെച്ചു. ഫൈസൽ കൊണ്ടോട്ടി, വി.കെ. ഷഹീബ, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, റഫീഖ് പന്നിയങ്കര, ഷിംന സീനത്ത്, ശിഹാബ് തൊണ്ടിയിൽ, സബീന സാലി, ഷമീർ കുന്നുമ്മൽ, നസീർ മുള്ളൂർക്കര, പ്രശാന്ത് വടകര, സുബിൻ, ജോമോൻ സ്റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായ ചടങ്ങിൽ വിപിൻ കുമാർ ചർച്ചകൾ ഉപസംഹരിച്ച് സംസാരിച്ചു.
.
![]()
