റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ (EdGlow – 2026) എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എച്ച്.ആർ.ഡി പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു.
അലിഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആധുനിക കാലത്ത് വിദ്യാർത്ഥികൾക്കായി അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും കുട്ടികളുടെ നൈപുണ്യ വികസനത്തിന് രക്ഷിതാക്കൾ വലിയ പിന്തുണ നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എണ്ണമറ്റ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന മികച്ച തുടർവിദ്യാഭ്യാസ കോഴ്സുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പരിപാടിയിൽ ഡോ. അബ്ദുൽ അസീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, പുതിയ കാലത്ത് ഇന്റർനെറ്റ് അഡിക്ഷനും (ഡിജിറ്റൽ ലഹരി) വിദ്യാർത്ഥി തലമുറയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഇതിനെതിരെ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് മുസ്തഫ മാസ്റ്റർ, ഡോ. അബ്ദുൽ അസീസ്, ലുഖ്മാൻ പാഴൂർ, ഉമർ മുസ്ലിയാർ പന്നിയൂർ, അബ്ദുസ്സലാം പാമ്പുരുത്തി, അഷ്റഫ് അലി, ശുകൂർ മടക്കര, ഇബ്രാഹിം കരീം, ബഷീർ മിസ്ബാഹി, മജീദ് താനാളൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ തുടങ്ങിയവർ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി. ഐ.സി.എഫ് റിയാദ് റീജിയൻ ജനറൽ നോളജ് സെക്രട്ടറി അസീസ് പാലൂർ സ്വാഗതവും സെക്രട്ടറി ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.
![]()
