ദമ്മാം: പ്രവാസി വെൽഫെയർ സൗദി അറേബ്യ ദമ്മാം കണ്ണൂർ–കാസർകോട് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 6-ന് ദമ്മാമിൽ വനിതാ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. വനിതകളുടെ വ്യക്തിത്വ വികസനം, സംരംഭകത്വം, ആശയവിനിമയ മികവ് എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ–കാസർകോട് വൈസ് പ്രസിഡന്റായ ഫാത്തിമ ഹാഷിം സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി.
പൊതുപ്രസംഗ പരിശീലകയായ മജ്ബൂറ നൗഫൽ നയിച്ച ആദ്യ സെഷനിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കുന്നതിനും ആവശ്യമായ പൊതുപ്രസംഗ നൈപുണ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
തുടർന്ന് സംരംഭകയും കോർപ്പറേറ്റ് സൈക്കോളജിസ്റ്റുമായ റുഷ്ന പി. “വനിതാ സംരംഭകത്വം” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. സ്വന്തമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം, തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് മുന്നിലുള്ള അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവർ ലളിതമായി അവതരിപ്പിച്ചു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആദ്യ ചുവടുവെപ്പ് ധൈര്യത്തോടെ നടത്തണമെന്നും ചെറിയ തുടക്കങ്ങൾ പോലും വലിയ വിജയങ്ങളിലേക്ക് നയിക്കാമെന്നും അവർ വനിതകളെ പ്രചോദിപ്പിച്ചു.
സ്ത്രീകൾക്ക് സൗഹൃദപരവും പ്രോത്സാഹനപരവുമായ അന്തരീക്ഷത്തിൽ പഠിക്കാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കിയ പരിപാടി ശ്രദ്ധേയമായി. ഭാവിയിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റജ്ന ആസ്ലം അവതാരകയായിരുന്നു.
ഖദീജ സജ്റാസ് സ്വാഗതവും സജ്ന ഷക്കീർ നന്ദിയും പറഞ്ഞു.
ജുമാന റഹീം,ജസീറ അയ്മൻ, അമൽ അഷ്റഫ് പരിപാടിക്ക് നേതൃത്വം നൽകി.
![]()
