റിയാദ്: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടവരോടൊപ്പം നിലകൊള്ളുകയും അവരുടെ വേദനകള്‍ക്ക് ശബ്ദമാകുകയും ചെയ്ത സാഹിത്യകാരനാണ് എംടി വാസുദേവന്‍ നായരെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. ന്യൂഏജ്- യുവകലാ സാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എംടി സ്മൃതി’യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടവര്‍, ചതിക്കപ്പെട്ടവര്‍, അനാഥര്‍, ദരിദ്രര്‍, ഏകാന്തതയില്‍ കരയുന്നവര്‍ തുടങ്ങി പീഡിതരുടെ സത്തയാണ് എംടിയുടെ കഥാപാത്രങ്ങള്‍. എംടിയുടെ നെഞ്ചില്‍ ചെവി ചേര്‍ത്തുവച്ചാല്‍ കരയുന്ന മനുഷ്യരുടെ കടലിരമ്പവും അനാഥരുടെ നിലവിളികളും കേള്‍ക്കാം. മനുഷ്യ മനസ്സിനോടാണ് എംടി സംവദിച്ചത്. നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, മഞ്ഞ് തുടങ്ങി എംടിയുടെ കഥകള്‍ ഉദ്ധരിച്ചും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ വര്‍ണിച്ചും സിനമയും അതിലെ ഗാനങ്ങളും പാടിയാണ് ആലങ്കോട് ലീലാ കൃഷ്ണന് എംടിയെ സ്മരിച്ചത്.
യുവസാഹിതി രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി വേള്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് ഗ്ളോബല്‍ ട്രഷറര്‍ ആടാട്ട് വാസുദേവന്‍, സുരേന്ദ്രന് കൂട്ടായി, ഇബ്രാഹിം സുബ്ഹാന്, സലീം കുളക്കര, ഷാഫി തുവ്വൂര്‍, നസ്റുദ്ദീന്‍ വിജെ, ജയന് കൊടുങ്ങല്ലൂര്‍,
സലിം പളളിയില്‍, അലവി പുതുശ്ശേരി, ഖമര്‍ ബാനു അബ്ദുസ്സലാം, സുബൈദ കോമ്പില്‍, നിഖില സമീര്‍, നൗഷാദ് ചിറ്റാർ എന്നവര്‍ പ്രസംഗിച്ചു. അംന തദ്കിയ കവിത ആലപിച്ചു.
ചടങ്ങിൽ സബീന എം സാലിയുടെ ഓർമ്മക്കുറിപ്പുകളായ വെയിൽ വഴികളിലെ ശലഭ സഞ്ചാരങ്ങൾ എന്ന പുസ്തകം
ആലങ്കോട് ലീലാ കൃഷ്ണന് എം.സാലി ആലുവയും , ഗന്ധ ദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകം അടാട്ട് വാസുദേവന്‍ മാസ്റ്റർ അദിദേവ് വിനോദും നൽകി സ്വീകരിച്ചു.
ഷാജഹാൻ കായംകുളം, ഷാനവാസ്. സ്വപ്ന, ശ്യാം ചെറുതന എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ വിനോദ് കൃഷ്ണ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ് സബീന എം സാലി സ്വാഗതവും സമീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
![]()
