റിയാദ് : പ്രവാസത്തിലെ അനവധി ആഘോഷങ്ങൾക്കിടയിൽ തികച്ചും വേറിട്ട ഒരു ജന്മദിനാഘോഷത്തിന് റിയാദ് മലയാളി സമൂഹം സാക്ഷ്യം വഹിച്ചു. റിയാദിലെ വിവിധ സംഘടനകളുടെ ഭാരവാഹിത്വത്തിലുള്ള കൊല്ലം ജില്ലാ ഓ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കരയാണ് തന്റെ മകന്റെ ജന്മദിനാഘോഷ ചടങ്ങ് സമൂഹത്തിന് വേറിട്ട സന്ദേശം നൽകി കാരുണ്യ പ്രവർത്തന വേദിയാക്കി മാറ്റിയത്.
മകൻ ഡാരോൺ പ്രഡിൻ തോമസിന്റെ രണ്ടാം ജന്മദിനാഘോഷത്തിലേക് തന്റെ സൗഹൃദ വലയത്തിലുള്ളവരെ ക്ഷണിച്ച കുറിപ്പിൽ നിങ്ങളുടെ സാന്നിദ്ധ്യം ആണ് ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനം എന്നും തന്റെ കുഞ്ഞിന് ആരും സമ്മാന പൊതിയുമായി വരരുതെന്ന് എന്നും പകരം നിങ്ങൾ സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു എങ്കിലും സഹായം വയനാട് ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നല്കാൻ തന്നോടൊപ്പം സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു .ആഘോഷ പരിപാടി നടന്ന അൽമാസ് ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച ബോക്സിലേക്ക് ചടങ്ങിൽ പങ്കെടുത്തവർ സമ്മാന തുകകൾ ദുരിതാശ്വാസ ഫണ്ടായി നിക്ഷേപിച്ചു. ലഭിച്ച തുകയായ 2000 സൗദി റിയാൽ ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാചിറക്ക് ജില്ലാ ഭാരവാഹികളുടെ സന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. സഹധർമ്മിണി ജാൻസി പ്രഡിൻ കിംഗ് ഫഹദ് മെഡി സിറ്റിയിലെ നഴ്സിങ് മാനേജരും ഓ ഐ സി സി സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം ജനറൽ സെക്രട്ടറി കൂടിയാണ്. റിയാദിലെ സാമൂഹിക,രാക്ഷ്ടീയ, സംഘടന നേതാക്കൾ അവരുടെ കുടുംബങ്ങൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

നാല് വർഷം മുൻപ് തന്റെ ആദ്യ കുട്ടിയായ ഡാനിലോ പ്രഡിൻ തോമസിന്റെ ഒന്നാം ജന്മദിനാഘോഷം കാരുണ്യ പ്രവർത്തനമാക്കി മാറ്റി.അർബുദ ബാധിതരായ മൂന്ന് കുട്ടികളുടെ ചികിത്സക്ക് ചടങ്ങിൽ പിരിഞ്ഞു കിട്ടിയ തുക കൈമാറിയിരുന്നു.

റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത് സജീവമായ പ്രഡിൻ അലക്സ് തോമസ് സമൂഹത്തിന് നൽകുന്ന വേറിട്ട സന്ദേശമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മക്കളായ ദയ ആൻ പ്രഡിൻ ഇന്ത്യൻ എംബസി ഗേൾസ് സ്കൂളിൽ പത്താം ക്ലാസ്സിലും, ഡാനിലോ പ്രഡിൻ തോമസ് എൽ കെ ജി ക്ലാസ്സിലും പഠിക്കുന്നു. നാട്ടിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര സ്വദേശിയാണ്.

![]()
