റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ റിയാദിൽ നിര്യാതനായ തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാറിന്റെ (61) ഭൗതികശരീരം വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്ന്, മൃതദേഹം റോഡ് മാർഗം ജിദ്ദയിലെത്തിച്ചാണ് ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈൻ വഴി നാട്ടിലേക്ക് അയക്കുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുനിൽ കുമാർ അന്തരിച്ചത്. സിന്ധുവാണ് ഭാര്യ. ഡോ. ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവരാണ് മക്കൾ.
റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുനിൽ കുമാറിന്റെ സുഹൃത്തുക്കളായ ജയൻ കൊടുങ്ങല്ലൂർ, നബീൽ അബ്ദുൽ ഖാദർ, കുഞ്ഞിമോൻ എന്നിവരും ചേർന്നാണ് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയത്.
റിയാദിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാത്തത് പ്രവാസികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ മറ്റ് നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് റോഡ് മാർഗം കൊണ്ടുപോകേണ്ടി വരുന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ സമയനഷ്ടത്തിനും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഇത്തരം സാഹചര്യങ്ങൾ കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നത്. റിയാദിൽ നിന്നുള്ള കേരള സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
