കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ സാഹചര്യം നിലവിലില്ലെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വിജയകുമാർ സിങ് ഈ വിഷയം പാർലിമെൻ്റിൽ അവതരിപ്പിച്ചതിനുള്ള മറുപടിയായി ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപിയെ അറിയിച്ചു.
റെസ സജ്ജീകരിക്കപ്പെടുന്നതോടെ മാത്രമേ വൻവിമാന സർവീസ് പുനരാരംഭിക്കാൻ അനുവാദം ലഭിക്കൂ.റെസ സജ്ജമാക്കേണ്ടത് സുരക്ഷയോടെ വൻവിമാന സർവ്വീസ് പുനരാരംഭിക്കാൻ അനിവാര്യമാണെന്ന വ്യവസ്ഥ വിദഗ്ധ സമിതിയുടെ ശുപാർശയാണെന്ന് മന്ത്രി പറഞ്ഞു. എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് നിയമിക്കപ്പെട്ടതാണ് വിദഗ്ധസമിതി. അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പുവരുത്തിയുള്ള വിമാന സർവീസ് എന്ന കാര്യവും കമ്മിറ്റിയെ ചുമതല ഏൽപ്പിച്ച വിഷയങ്ങളിൽപ്പെട്ടതാണ്.
വൻ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അത് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദമായ പ്രതികരണം.
![]()
