മക്ക: പുണ്യ ഗേഹങ്ങളായ മക്കയും മദീനയും വിശ്വാസികളാൽ കഴിഞ്ഞ ദിവസം നിറഞ്ഞു കവിഞ്ഞു. ഇത്രയധികം വിശ്വാസികൾ റമദാനും ഹജ്ജിനും ശേഷം ആദ്യമായാണ് ഇവിടങ്ങളിൽ ഒത്തുകൂടിയതെന്നു ഇരു ഹറം ഉദ്യോഗസ്ഥർ പറഞ്ഞു. സൗദിയിലെ ശൈത്യകാല അവധിയും യൂറോപ്യൻ രാജ്യങ്ങളിലെ അവധിയും ഒരുമിച്ചു വന്നതാണ് ഇരു ഹറമുകളിൽ തിരക്ക് വർധിക്കാൻ കാരണമായതായി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്റ് ചെയ്തു. വെള്ളിയാഴ്ച ഇരു ഹറമുകളിലും ലക്ഷ കണക്കിന് വിശ്വാസികളാണ് ജുമാ നമസ്കാരത്തിനായി ഒത്തുകൂടിയത്. സൗദിയിൽ ശൈത്യ കാല അവധിയുടെ അവസാന ദിവസങ്ങളിലാണ് തീർത്ഥാടകരും സന്ദർശകരും കൂടുതലായി എത്തിയത്. ശൈത്യകാല അവധികഴിഞ്ഞു സൗദിയിൽ സ്കൂളുകളും കോളേജുകളും അടുത്ത ദിവസം തുറക്കും. യൂറോപ്പിൽ നിന്ന് ഇരു ഹറമുകളിലേക്ക് അഭൂതപൂർവ്വമായ വിശ്വാസികളുടെ ഒഴുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
![]()
