ഹരീഖ്: സൗദിയിലെ പ്രധാന ഓറഞ്ചു വിളവെടുപ്പും ഓറഞ്ചു ഫെസ്റ്റും നടക്കുന്ന ഹരീഖിലേക്ക് സന്ദർശകരുടെ പ്രവാഹം. കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ച ഓറഞ്ചു വിളവെടുപ്പ് കാണുന്നതിനും വിവിധ ഇനം ഓറഞ്ചുകൾ സ്വന്തമാക്കുന്നതിനുമാണ് സന്ദർശകർ ഇവിടങ്ങളിലേക്ക് ഒഴുകുന്നത്. റിയാദിൽ നിന്ന് 185 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹര പ്രദേശമായ ഹരീഖ് ഓറഞ്ചു കൃഷിയുടെ പേരിൽ പ്രശസ്തമാണ്. നൂറോളം ചെറുതും വലുതുമായ തോട്ടങ്ങളാണ് ഇവിടങ്ങളിൽ ഉള്ളത്. ഫലഭുഷ്ടിയുള്ള മണ്ണാണ് ഇവിടെ കൃഷി നൂറുമേനി വിളയാൻ കാരണമെന്നു സ്വദേശികളും വിദേശികളുമായ കർഷകർ പറയുന്നു. ചെറുതും വലുതുമായ ഓറഞ്ചിനുപുറമെ സ്ട്രോബെറി, തക്കാളി, നാരങ്ങ, പപ്പായ, മുളക്, വിവിധ ഇനം വാഴക്കുലകൾ മുതലായവ കൃഷി ചെയ്യപ്പെടുന്നുണ്ട്. എല്ലാവർഷവും ഡിസംബർ ജനുവരി മാസത്തിലാണ് വിളവെടുപ്പ് നടക്കുന്നത്. ഹരീഖ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഇവയുടെ സംഭരണവും വിപണനവും നടക്കുന്നത്. ഇവിടേക്ക് വര്ഷങ്ങളായി സന്ദർശകർ ഒഴുകി എത്തുന്നത് ഇവിടെ ഉത്സവ പ്രതീതി നൽകുന്നതായി പ്രദേശവാസികൾ പറയുന്നു. സൗദിയുടെ വിവിധ ഇടങ്ങളിൽ നിന്ന് കുടുംബങ്ങൾ ഇവിടെ ധാരാളമായി എത്തുന്നുണ്ട്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഹരീഖ് ഓറഞ്ചു ഫെസ്റ്റ് ജനുവരി 13 ശനിയാഴ്ച്ച അവസാനിക്കും.
![]()
