കൽപറ്റ: ആയിരകണക്കിന് യത്തീം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത ആ വലിയ മനുഷ്യൻ മടങ്ങി. സാമൂഹിക സേവന രംഗത്തെ നിറ സാനിധ്യവും വയനാട് മുസ്ലിം യത്തീംഖാനയുടെ (w.m o) യുടെ ജനറൽ സെക്രട്ടറിയുമായിരുന്ന എം. എ. മുഹമ്മദ് ജമാൽ (83) മരണപെട്ടു. ഒറ്റപ്പെട്ടുപോയ നിരവധി യതീം കുട്ടികളുടെ അത്താണിയായിരുന്നു ജമാൽ സാഹിബ്. വാർധക്യ സഹജവുമായ രോഗങ്ങൾ കാരണം കോഴിക്കോട്ടെ സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. വയനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും നൂറു കണക്കിന് അനാഥകുട്ടികളെ ഏറ്റെടുക്കുകയും അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയും അവരെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കുന്നതിലും ജമാൽ സാഹിബിന്റെ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി അനാഥമന്ദിരങ്ങൾ തുടങ്ങുന്നതിനു ജമാൽ സാഹിബിന്റെ ഇടപെടൽ കാരണമായിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള അനാഥരായ കുഞ്ഞുങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് 1967 ൽ ആണ് യതീംഖാനക്ക് ജമാൽ സാഹിബ് തുടക്കം കുറിച്ചത്. യതീം ഖാനയുടെ സഹായം അഭ്യർത്ഥിച്ചു മുഹമ്മദ് ജമാൽ മാസങ്ങൾക്ക് മുൻപ് റിയാദ് സന്ദർശിച്ചിരുന്നു.
വിവിധ ഇടങ്ങളിലെ സന്ദർശന ശേഷം രാത്രി 7.30 നു സുൽത്താൻ ബത്തേരി വലിയ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം കഴിഞ്ഞു ചുങ്കം മൈതാനിയിൽ ഖബറടക്കും. പിതാവ്: അബ്ദുൽ റഹീം അധികാരി. മാതാവ്: ഖദീജ. ഭാര്യ: നഫീസ പുനത്തിൽ. മക്കൾ: അഷ്റഫ്, ജംഹർ, ഫൗസിയ, ആയിശ.
![]()
