ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിരന്തരമായ ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് വിദേശകാര്യവുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ നൽകി.ബിജെപി ലോക്സഭാംഗമായ പി.പി ചൗധരി അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം പ്രവാസികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് വിമാനക്കമ്പനികളുമായി സ്ഥിരമായി ചർച്ച നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. വിവിധ രാജ്യങ്ങളിലെ വ്യോമയാനരംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പുവച്ചിരിക്കുന്ന കരാർ കാലാനുസൃതമായി വിലയിരുത്തണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. പ്രവാസി സംഘടനകൾ വര്ഷങ്ങളായി ആവശ്യപ്പെടുന്ന പല കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ സമഗ്രമായ പദ്ധതി നടപ്പിലാക്കണം, വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ലളിതമാക്കണം, ഗൾഫ് രാജ്യങ്ങളിലെ തന്റേതല്ലാത്ത കാരണത്താൽ ജയിൽ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടുന്നവരുടെ ചെറിയ പിഴത്തുക നൽകാൻ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉപയോഗിക്കണം, അനധികൃത റിക്രൂട്മെന്റ് ഏജൻസികൾക്കെതിരെ പരിശോധനയും ശിക്ഷാനടപടികളും കർശനമാക്കണം, വിദേശകാര്യമന്ത്രാലയം നടത്തുന്ന തൊഴിൽ മാർക്കറ്റ് പഠനം ഉടൻ പൂർത്തിയാക്കിയതിന് ശേഷം വിവരങ്ങൾ പൊതുവിടത്തിൽ പങ്കുവയ്ക്കണം, ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ഔദ്യോഗിക ചർച്ചകൾ എത്രയും വേഗം ആരംഭിക്കണം, യുഎഇ, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ പേയ്മെന്റ് സംവിധാനവുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടി ഊർജിതമാക്കണം. കുവൈറ്റുമായുള്ള ബന്ധം ശക്തമാക്കുകയും വേണം, ഇന്ത്യയുടെ യുഎൻ രക്ഷാസമിതി അംഗത്വത്തിന് വേണ്ടി കുവൈറ്റ്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണ നേടാൻ നയതന്ത്ര ഇടപെടൽ കാര്യക്ഷമമാക്കണം എന്നി നിർദ്ദേശങ്ങളും സമിതി സമർപ്പിച്ചിട്ടുണ്ട്
![]()
