ന്യൂഡൽഹി :കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും പുന:സംഘടനാ ഭേദഗതി ബില്ലും ലോക്സഭ പാസ്സാക്കി. ബിൽ അവതരണത്തിനിടെ അമിത്ഷാ നെഹ്റുവിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.2019ലെ ജമ്മു കശ്മീർ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടാണ് രണ്ടാമത്തെ ബിൽ പാസ്സാക്കിയത്. ജമ്മു കശ്മീർ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83ൽ നിന്ന് 90 ആക്കി വർധിപ്പിച്ചതാണ് മറ്റൊരു പ്രധാന മാറ്റം.ജമ്മു കശ്മീരിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതു സീറ്റുകൾ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 ആയി ഉയർന്നു. കശ്മീരിലുണ്ടായിരുന്ന 46 സീറ്റുകൾ ഇപ്പോൾ 47 ആയി. 24 സീറ്റുകൾ പാക് അധീന കശ്മീരിനായി നീക്കിവച്ചിട്ടുണ്ട്. ജമ്മു കശ്മീർ നിയമസഭയിൽ നേരത്തെ 107 സീറ്റുകളുണ്ടായിരുന്നു. ഇപ്പോൾ 114 ആയി. നാമനിർദേശം ചെയ്യപ്പെട്ട രണ്ടംഗങ്ങൾ നിയമസഭയിൽ ഉണ്ടായിരുന്നെന്നും ഇനി അത് അഞ്ചാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
![]()
