ബംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് തുടര്‍ച്ചയായ ഒമ്പതാം ജയത്തോടെ ഇന്ത്യ സെമിയിലേക്ക്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 410 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്സ് 47.5 ഓവറില്‍ 250 റണ്‍സില്‍ കൂടാരം കയറി.
410 എന്ന ലക്ഷ്യവുമായി
മറുപടിക്കിറങ്ങിയ നെതർലാണ്ടിനെ രണ്ടാം ഓവറില്‍ത്തന്നെ ഇന്ത്യ ഞെട്ടിച്ചു. ഓപ്പണര്‍ വെസ്ലി ബറേസിയെ (4) മുഹദ് സിറാജ് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡൗഡും (30) കോളിന് അക്കര്‍മാനും (35) ഭേദപ്പെട്ട പ്രകടനം നടത്തി. അക്കര്‍മാനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഒഡൗഡിനെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡും ചെയ്തു. നെതര്‍ലന്‍ഡ്സ് നായകന് സ്കോട്ട് എഡ്വാര്‍ഡ്സിനെ (17) വിരാട് കോലി പുറത്താക്കി. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കോലി ഏകദിനത്തില്‍ വിക്കറ്റ് നേടുന്നത്. ബാസ് ഡി ലീഡിനെ (12) ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഒരുവശത്ത് പൊരുതിനിന്ന സൈബ്രാന്റ് എഞ്ചില്ബ്രീച്ചിനെ (45) മുഹമ്മദ് സിറാജും ക്ലീന്‍ബൗള്‍ഡാക്കി.
ചെറിയ ചെറുത്തിനില്‍പ്പിന് ശേഷം ലോഗന് വാന്‍ ബീക്കിനെ (16) കുല്‍ദീപ് ക്ലീന്‍ബൗള്‍ഡാക്കി. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച റൊളോഫ് വാന്‍ ഡെര്‍ മെര്‍വിയെ (16) ജഡേജയും മടക്കി. ആര്യന് ദത്തിനെ (5) ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ തേജ നിദമാനുരുവിനെ (54) രോഹിത് ശര്‍മയും മടക്കി. ഇതോടെ 47.5 ഓവറില്‍ 250ല്‍ നെതര്‍ലന്‍ഡ്സ് ഒതുങ്ങി.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്കു തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗിൽ 32 പന്തിൽ 51 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 61 റൺസ് നേടി. വിരാട് കോഹ്ലി 56 പന്തിൽ 51 റൺസ് നേടി.
ലോകകപ്പിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 94 പന്തിൽ 10 ഫോറും 5 സിക്സും അടക്കം റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ കെ എൽ രാഹുൽ 64 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 102 റൺസ് നേടി. വെറും 62 പന്തിൽ നിന്നുമാണ് കെ എൽ രാഹുൽ സെഞ്ചുറി നേടിയത്. ഇതോടെ ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി കെ എൽ രാഹുൽ മാറി. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 63 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെയാണ് കെ എൽ രാഹുൽ പിന്നിലാക്കിയത്
ഇരുവരുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.
![]()
