തൃശൂർ : പൂത്തോള്‍ റെയില്‍വെ കോളനിയില്‍ ഒളരിക്കര തെക്കേല്വീട്ടില് ചന്ദ്രന് മകന് ശ്രീരാഗ് (27)ആണ് ആക്രമികളുടെ കത്തികുത്തു ഏറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന് ശ്രീനേഗ് (25), സുഹൃത്ത് ഒളരി വെളുത്തൂര്‍ വീട്ടില്‍ മുരളിയുടെ മകന് ശ്രീരാജ് (24)എന്നിവരെ പരുക്കുകളോടെ മെഡി.കോളജ് ആശുപത്രിയിലാക്കി.
അക്രമം നടത്തിയ സംഘത്തലവന് ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (22), പൂത്തോള്‍ വാകദേശം 15 വയസുകാരനായ ആണ്‍കുട്ടി എന്നിവര്‍ അറസ്റ്റിലായി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും കേസില്‍ കൂട്ടുപ്രതികളാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘര്‍ഷത്തിനിടെ പ്രതികളായ രണ്ടുപേര്‍ക്കും പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇവര്‍ ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കള്‍ രാത്രി 11.30 നു ശേഷമാണ് സംഭവം.
റയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലൂടെ പുറത്തുവന്ന ശ്രീരാഗിനേയും സംഘത്തെയും അല്‍ത്താഫിന്റെ നേതൃത്വത്തില്‍ തടഞ്ഞുവെച്ച് ബാഗ് പരിശോധിക്കുകയായിരുന്നു. ദിവാന്‍ജിമൂല പരിസരത്ത് കഞ്ചാവു സംഘങ്ങള്‍ തമ്പടിക്കാറുണ്ടെന്ന് പറയുന്നു. അതുമായി ബന്ധപ്പെട്ടവരാണ് അക്രമത്തിനു പുറകിലെന്നാണ് കരുതുന്നത്. മരിച്ചയാളും ക്രിമിനല്‍ കേസ് പ്രതിയാണെങ്കിലും കഴിഞ്ഞദിവസമുണ്ടായ സംഭവം യാദൃശ്ചികമാണെന്നാണ് കരുതുന്നത്.
മരിച്ച ശ്രീരാഗിന്റെ സുഹൃത്ത് ശ്രീരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം ആദ്യം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
![]()
