റിയാദ്: സൗദിയിലെ ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടിയായ റിയാദ് സീസണിൽ കഴിഞ്ഞയാഴ്ച നിറഞ്ഞു നിന്നതു മലയാളികളുടെ സാന്നിധ്യം. ഒക്ടോബർ അവസാന വാരം ഉൽഘാടനം ചെയ്യപ്പെട്ട റിയാദ് സീസണിൽ ആദ്യ ആഴ്ച്ച ഇന്ത്യക്കായിരുന്നു പരിപാടികളുടെ ചുമതല. ഒരാഴ്ചക്കാലം നീണ്ടു നിന്ന ‘ഇന്ത്യ വീക്കിൽ’ നിരവധി പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയെ പ്രതിനിതീകരിച്ചു വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറി. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും കാണികളെ ആവേശം കൊള്ളിച്ചതും കേരളത്തിന്റെ വിവിധ പരിപാടികളായിരുന്നെന്നു ഇന്ത്യ വീക്കിന്റെ ചുമതല കൂടിയുള്ള പ്രോഗ്രാം കോർഡിനേഷൻ മാനേജർ മലയാളികൂടിയായ വിഷ്ണു വിജയൻ പറഞ്ഞു.


വർണ്ണ ശബളമായ ഘോഷയാത്രകൾ ഈ ഒരാഴ്ചക്കാലം കാണികളെ ആവേശത്തിലെത്തിച്ചു. ദിവസം രണ്ടു തവണ പരിപാടികൾ നടക്കുന്ന സുവൈദി പാർക്കിനെ ഘോഷയാത്രകൾ പ്രദക്ഷിണം ചെയ്തിരുന്നു. ഇതിലെ മുഖ്യ ആകർഷണം കേരത്തിൽ നിന്ന് ആദ്യമായി സൗദിയിൽ എത്തിയ കഥകളി ആചാര്യന്മാരുടെ കഥകളി, റിയാദ് ടാക്കീസ് മേളം ഒരുക്കിയ ചെണ്ടമേളം, പോൾസ്റ്റർ ഇന്റർനാഷണൽ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരുടെ വിവിധ നൃത്തങ്ങൾ, കാവടി, ഭാരത നാട്യം, മോഹിനിയാട്ടം, ഇന്ത്യൻ ബാൻഡ്, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്ത ചുവടുകൾ തുടങ്ങിയവ വിദേശികളെയും സ്വദേശികളെയും ഏറെ ആകര്ഷിച്ചതായി റിയാദ് സീസൺ ഭാരവാഹികൾ പറഞ്ഞു.


ഒക്ടോബർ 29 നു പരിപാടി തുടങ്ങിയത് മുതൽ നവംബർ അഞ്ചിന് ഇന്ത്യ വീക്ക് അവസാനിക്കുന്നത് വരെ ആയിരകണക്കിന് മലയാളികൾ പരിപാടി ആസ്വദിക്കുന്നതിനു സുവൈദി പാർക്കിൽ ഒഴുകി എത്തിയിരുന്നു. മലയാളി ഗായകരുടെ സംഗീത രാവുകൾ ആസ്വാദകരെ പിടിച്ചിരുത്തി.

നൂറു കണക്കിന് മലയാളികളാണ് ഈ പരിപാടിയുമായി സഹകരിച്ചു പ്രവർത്തിച്ചത്. കഥകളിയും കാവടിയും ആദ്യമായി റിയാദ് സീസണിൽ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുള്ളതായി വിഷ്ണു വിജയനും സൗദിയിലെ വേദിയിൽ കഥകളി അരങ്ങേറിയതിൽ അഭിമാനിക്കുന്നതായി കഥകളി ആചാര്യൻ ചാത്തന്നൂർ കൊച്ചു നാരായണ പിള്ളയും ആറ്റിങ്ങൽ സുബിയും യും ജി.സി.സി ടൈംസിനോട് പറഞ്ഞു.
![]()
