ആലപ്പുഴ : കാലവർഷക്കെടുതിയിൽ വീട് തകർന്നുപോയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയും ജന്മനാ ബധിരനുമായ അബ്ദുൽ ബഷീറിനും കുടുംബത്തിനും തലചായ്ക്കാനുള്ള ഒരു ഭവനം നിർമ്മിച്ചു നൽകാനുള്ള മുൻ പ്രതിപക്ഷ നേതാവും സ്ഥലം എം എൽ എ കൂടിയായ രമേശ് ചെന്നിത്തലയുടെ ഉദ്യമത്തിൽ ദമ്മാം ഒ ഐ സി സി യും പങ്കാളിയായി. ആറാട്ടുപുഴയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ അബ്ദുൽ ബഷീറിന് ഒരു ഭവനം നിർമ്മിച്ച് നൽകുവാൻ രമേഷ് ചെന്നിത്തല മുൻകൈ എടുക്കുകയും സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അബ്ദുൽ ബഷീറിനുവേണ്ടി ദമ്മാമിലെ സുമനസ്സുകൾ നൽകിയ സഹായം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല രമേശ് ചെന്നിത്തലയെ ഏൽപ്പിക്കുകയും, അദ്ദേഹം അബ്ദുൽ ബഷീറിന് തുക കൈമാറുകയും ചെയ്തു. നിറകണ്ണുകളോടെ ഒ ഐ സി സി നൽകിയ സഹായം രമേശ് ചെന്നിത്തലയിൽ നിന്നും സ്വീകരിച്ച അബ്ദുൽ ബഷീർ ദമ്മാം ഒ ഐ സി സി യോടും സുമനസ്സുകളോടും നന്ദി പറഞ്ഞു.
തൻറെ അഭ്യർത്ഥന പ്രകാരം നിരവധി ഭവന നിർമ്മാണ സഹായങ്ങളും ചികിത്സാ സഹായങ്ങളുമൊക്കെ നൽകുന്ന ദമ്മാം ഒ ഐ സി സി യെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ദീൻ കായിപ്പുറം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ദമ്മാം ഒ ഐ സി സി നൽകിയ തുക അബ്ദുൽ ബഷീറിന് രമേശ് ചെന്നിത്തല കൈമാറിയത്.
![]()
