മാവേലിക്കര :മാവേലിക്കര പുന്നമ്മൂട്ടിലാണ് അച്ഛൻ ആറ് വയസ്സുകാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഴുകൊണ്ടാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്ന ദൃശ്യം കണ്ട് ഭയന്നോടിയ മഹേഷിൻ്റെ അമ്മയേയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ട്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് നാട്ടുകാർ നൽകുന്ന സൂചനകൾ. ഇന്നലെ വൈകീട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. സംഭവം നടക്കുന്ന സമയം മഹേഷിന്റെ അമ്മ അയൽവക്കത്തെ വീട്ടിലായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്.
മഴുവുമായി നിൽക്കുന്ന മഹേഷിനെ കണ്ട് ഭയന്ന് ബഹളം വെച്ച് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്.
പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അതേസമയം ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് മഹേഷിനെ പിടിച്ച് കെട്ടിയിടുകയായിരുന്നു എന്നാണ് വിവരം.
നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനിടെ ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ സമയം മഹേഷ് വിദേശത്തായിരുന്നു. പിതാവ് മരിച്ചതോടെയാണ് ശ്രീ മഹേഷ് നാട്ടിൽ തിരിച്ചെത്തിയത്. മകൻ്റെ വെട്ടേറ്റ സുനന്ദയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ വിദഗ്ധ ചികിത്സയിലാണ് അവർ.
![]()
