റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വരുന്ന വെള്ളിയാഴ്ച വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.
സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും, പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കാനും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ഇത്തരം പ്രദേശങ്ങളില്‍ നീന്താനിറങ്ങരുതെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
മക്ക നഗരത്തിന് പുറമെ അല്‍-കാമില്‍, അല്‍-ജുമും, ബഹ്റ, തായിഫ്, മൈസാന്‍, അദ്ഹം, അല്‍-അര്‍ദിയത്ത് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും ആലിപ്പഴ വര്‍ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍-ലൈത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ മിതമായ മഴ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍-ബാഹ, മദീന എന്നീ പ്രദേശങ്ങളിലും ശക്തമായ മഴയും മിന്നല്‍ പ്രളയവും ഉണ്ടായേക്കാം.
ഹായില്‍, തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു
![]()
