റിയാദ് :റിയാദ് മലപ്പുറം ജില്ലാ കെഎംസിസി, സ്വത്വം സമന്വയം, അതിജീവനം എന്ന പ്രമേയത്തിൽ നടത്തിവരുന്ന ‘ദ വോയേജ്’ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലിഫ് – കലയുടെ കാഴ്ചകൾ’ മാപ്പിള കലോത്സവം അടുത്ത വെള്ളിയാഴ്ച സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്ന കലോത്സവത്തിൽ, മാപ്പിള സംസ്കാരത്തിന്റെ പൈതൃകപ്പെരുമ വിളിച്ചോതുന്ന 16 ഇനം മാപ്പിള കലകൾ ഉൾപ്പെടുത്തി ആദ്യ റൗണ്ട് മത്സരങ്ങൾ വിവിധ ദിവസങ്ങളിൽ വിവിധ വേദികളിലായി പൂർത്തിയാക്കി, ഇപ്പോൾ ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്.
റിയാദ് മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 12 മണി വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ, കാലിഫ് ഫൈനൽ മത്സരങ്ങൾ, സാംസ്കാരിക സംഗമം, എക്സിബിഷൻ, പുസ്തകമേള, മാപ്പിളപ്പാട്ട്-രചനാ വൈവിദ്ധ്യങ്ങൾ, മാപ്പിള കലകൾ -മതം, രാഷ്ട്രീയം, സംസ്കാരം എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ, ഓഥർ ഇവന്റുകൾ തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളാണ് നടത്തപ്പെടുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും ഗാനരചയിതാവും അംബേദ്കർ പുരസ്കാര ജേതാവുമായ റഷീദ് മോങ്ങം തുടങ്ങിയവർ പങ്കെടുക്കുന്നു.
ആദ്യ റൗണ്ട് മത്സരങ്ങളിൽ ഫലപ്രഖ്യാപനം നടത്തിയ ഉപന്യാസ രചന, അറബി മലയാളം കയ്യെഴുത്ത്, മാപ്പിളപ്പാട്ട് രചന, കല്യാണപ്പാട്ട്, ഒപ്പന എന്നീ ഇവന്റുകൾ ഒഴികെ,
മുദ്രാവാക്യം വിളി മത്സരം, പ്രസംഗമത്സരം, സുബ്ജൂനിയർ-ജൂനിയർ വിഭാഗം മാപ്പിളപ്പാട്ട്, സുബ്ജൂനിയർ-ജൂനിയർ വിഭാഗം നേതൃസ്മൃതി കഥപറച്ചിൽ, വനിതകളുടെ മാപ്പിളപ്പാട്ട്, പുരുഷ വിഭാഗം മാപ്പിളപ്പാട്ട് (ഗ്രൂപ്പ് ഇനം), തനത് മാപ്പിളപ്പാട്ട്, പ്രവാചക മദ്ഹ് ഗാനം, കഥാ പ്രസംഗം എന്നീ ഇനങ്ങളുടെ ഫൈനൽ മത്സരങ്ങോളോടൊപ്പം വനിതകൾക്കായി പാചക മത്സരം, മെഗാ മെഹന്തി മത്സരം, കുട്ടികൾക്കായി ജൂനിയർ- സബ്ജൂനിയർ വിഭാഗങ്ങളിലായി കളറിങ്, ഡ്രോയിങ് മത്സരങ്ങൾ തുടങ്ങിയവയും നടക്കും.
ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ വള്ളിക്കുന്ന്, വേങ്ങര, വണ്ടൂർ എന്നീ മണ്ഡലങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ വിവിധ നിയോജമണ്ഡലങ്ങളിൽ നിന്നായി അഞ്ഞൂറോളം കലാകാരന്മാരാണ് കാലിഫിന്റെ വിവിധ വേദികളിലായി മത്സരിച്ചത്. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത മുന്നൂറ് ഡെലിഗേറ്റുകളും നൂറ് ലുമിനറി ഡെലിഗേറ്റുകളും പങ്കെടുക്കും.
സംഗമത്തിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകൾക്കായി കാലിഫ് മുദ്ര പ്രിന്റ് ചെയ്ത ക്യാമ്പ് ബാഗുകൾ, ഡെലിഗേറ്റ്സ് ബാഡ്ജ്, മറ്റു സോവനീറുകൾ എന്നിവയടങ്ങിയ കിറ്റ് ഉപഹാരമായി നൽകും.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് , ജനറൽ സെക്രട്ടറി സഫീർ തിരൂർ , കാലിഫ് 2025 ഡയരക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ, വൈസ് പ്രസിഡന്റ് ശരീഫ് അരീക്കോട്, സെക്രട്ടറി അർഷദ് ബഹസ്സൻ തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
![]()
