അബുദാബി: അരങ്ങ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അരങ്ങ് പൊന്നരങ്ങ് 2026 ഓണാഘോഷം ഒക്ടോബർ 24-ന്, ശനിയാഴ്ച, മുസഫ ഷാബിയയിലെ ഷൈനിങ് സ്റ്റാർ സ്കൂളിൽ വർണാഭമായ പരിപാടികളോടെ നടന്നു. ആയിരത്തിലധികം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷം മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെയും കൂട്ടായ്മയുടെയും നേർക്കാഴ്ചയായി.
അരങ്ങ് സാംസ്കാരിക വേദിയുടെ രക്ഷാധികാരിയും അബുദാബി മലയാളി സമാജം പ്രസിഡന്റുമായ എ. എം. അൻസാർ നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

അരങ്ങ് പ്രസിഡന്റ് രാജേഷ് ലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാറ്റർജി കായംകുളം സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി ചെയർമാൻ ദേശപുത്രന്റെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഐ.എസ്.സി. പ്രസിഡന്റ് ബിജു എം. തോമസ്, സെക്രട്ടറി ലിംസൺ ജേക്കബ്, കെ.എസ്.സി. പ്രസിഡന്റ് മനോജ്, സെക്രട്ടറി സജീഷ്, അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശുശീലൻ, കൺവീനർ സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി റഫീഖ് പി. ടി., മുൻ പ്രസിഡന്റ് സലീം ചിറക്കൽ തുടങ്ങി വിവിധ സാംസ്കാരിക സംഘടനകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ട്രഷറർ രാജേഷ് കുമാർ നന്ദി പറഞ്ഞു.
മനോഹരമായ പൂക്കളം, ഓണപ്പാട്ടുകൾ, രംഗപൂജ, തിരുവാതിര, നൃത്തപരിപാടികൾ, ഗാനാവതരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളുടെ പഠനമികവിനെ ആദരിക്കുന്നതിനായി മെറിറ്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആഘോഷങ്ങൾക്ക് ആവേശം പകർന്ന ഡി.ജെ. സംഗീതവിരുന്നും ശ്രദ്ധേയമായി.
ആയിരത്തിലധികം പേർ പങ്കെടുത്ത ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി. പരമ്പരാഗത ഓണവിഭവങ്ങൾ വിളമ്പിയ സദ്യ പ്രവാസി മലയാളികൾക്കിടയിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി.
43 വർഷത്തെ സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള അരങ്ങ് സാംസ്കാരിക വേദി മലയാളികളുടെ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറുന്നതിനും പ്രവാസികൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിനും നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി അരങ്ങ് പൊന്നരങ്ങ് 2026 മാറി.

