റിയാദ് :കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി വർഷന്തോറും നടത്തുന്ന ”ജീവസ്പന്ദനം 2025”മെഗാ രക്തദാന ക്യാമ്പ്’ ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ മുതൽ.കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേളി സിൽവർ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ അതി വിപുലമായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ ഏഴു വർഷവും റിയാദ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന ക്യാമ്പ്, ഇത്തവണ റിയാദിൽ സംഘടിപ്പിക്കുന്നതിനോടൊപ്പം തന്നെ റിയാദിന്റെ പരിസര പ്രദേശങ്ങളായ അൽഖർജ്, മജ്മ, അൽ ഖുവയ്യ, ദവാത്മി എന്നിവിടങ്ങളിലും സമാന്തരമായി ക്യാമ്പ് നടക്കും. കേന്ദ്രീകരിച്ചും വികേന്ദ്രീകരിച്ചും നടത്തുന്നതിലൂടെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെകൂടി രക്തദാനത്തിൽ പങ്കാളികളാക്കുകയും കൂടുതൽ യൂണിറ്റ് രക്തം ശേഖരിക്കുകയുമാണ് കേളി ലക്ഷ്യമിടുന്നത്.
മുൻ വർഷങ്ങളിൽ മികച്ച പ്രതികരണമാണ് സമൂഹത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. കേളി അംഗങ്ങൾക്കും, കുടുംബ വേദി അംഗങ്ങൾക്കും പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാമ്പിൽ പങ്കുചേരാറുണ്ട്. തുടർച്ചയായി എട്ടാമത് വർഷമാണ് കേളി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം റിയാദ് ബ്ലഡ് ബാങ്കിന് പുറമെ സൗദി മിലിറ്ററി ആശുപത്രിയും രക്തത്തിനായി കേളിയെ സമീപിച്ചിരുന്നു. കേളി എത്തിച്ച രക്തദാതാക്കളെ ഉൾകൊള്ളാൻ അന്ന് മിലിട്ടറി ആശുപത്രിക്ക് സാധിച്ചില്ല. 1500 യൂണിറ്റ് ലക്ഷ്യം വെച്ച കഴിഞ്ഞ വർഷത്തെ ക്യാമ്പിൽ 1086 യൂണിറ്റ് രക്തമേ നൽകാൻ സാധിച്ചുള്ളൂ.
2016 മുതലാണ് വാർഷിക ക്യാമ്പ് എന്നതരത്തിൽ കേളി വലിയ തോതിൽ രക്തദാനം ചെയ്യാനാരംഭിച്ചത്. കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് 2020-ൽ മാത്രമാണ് രക്തദാന ക്യാമ്പ് നിർത്തി വെച്ചിരുന്നത്.
അതിന് മുമ്പ് ആവശ്യക്കാർക്കനുസരിച്ച് വിവിധ ആശുപത്രിയിൽ നൽകി വരുന്ന പതിവായിരുന്നു കേളി സ്വീകരിച്ചിരുന്നത്. നിലവിൽ വാ ർഷിക ക്യാമ്പിന് പുറമെ രോഗികളുടെ ആവശ്യാർത്ഥം വിവിധ പ്രദേശങ്ങളിൽ വർഷത്തിൽ 100 യൂണിറ്റിൽ കുറയാത്ത രക്തം നൽകി വരുന്നുണ്ട്.
ആദ്യ ക്യാമ്പിൽ 450 യൂണിറ്റ് രക്തമായിരുന്നു നൽകിയിരുന്നത്. തുടന്ന് ഓരോ വർഷവും ക്രമാതീതമായി വർദ്ധിപ്പിക്കാൻ കേളിക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം 2000 യൂണിറ്റ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി വിപുലമായ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൺവീനറായി മധു പട്ടാമ്പി, ജോയിന്റ് കൺവീനർ നാസർ പൊന്നാനി, ചെയർമാൻ നസീർ മുള്ളൂർക്കര, വൈസ് ചെയർമാൻ എബി വർഗീസ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി പ്രവർത്തനം നടന്നു വരുന്നു. കൂടാതെ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കേളി പ്രവർത്തകരോടൊപ്പം കേളി കുടുംബ വേദി പ്രവർത്തകരും കൈകോർക്കും. നാലുവർഷമായി മലാസ് ലുലു ഹൈപ്പർ മാർക്കറ്റാണ് ക്യാമ്പ് നടത്തുന്നതിനുള്ള വേദി ഒരുക്കി തരുന്നത്.
വിദൂര പ്രദേശങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ യൂണിറ്റായിരിക്കും രക്തം സ്വീകരിക്കുക. കേന്ദ്രീകരിച്ചുള്ള റിയാദിലെ ക്യാമ്പ് മലാസ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ താഴെ ഭാഗത്ത് ഒരേ സമയം 20 യൂണിറ്റ് രക്തം ശേഖരിക്കാനും പുറത്ത് മൊബൈൽ യൂണിറ്റിൽ രണ്ട് ബസ്സുകളിലായി ഒരേ സമയം 16 യൂണിറ്റ് രക്തം ശേഖരിക്കാനും കഴിയും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണിവരെ നീണ്ടു നിൽക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി ചെയർമാൻ നസീർ മുള്ളൂർക്കര (0502623622) ജോയിന്റ് കൺവീനർ നാസർ പൊന്നാനി ( 0506133010) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
![]()
