ജിസാൻ : ജിസാൻ ജയിൽ, നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ ജിദ്ദ കോൺസുലേറ്റ് സംഘമെത്തി.ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ നമോ നാരായൺ മീന, മുഹമ്മദ് ഫൈസൽ എന്നിവരാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ജിസാനിലെത്തിയത്.
നിരവധി പേർക്ക് ഔട്ട്പാസ് നൽകി.
സാമൂഹ്യ പ്രവർത്തകനും, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ ഷംസു പൂക്കോട്ടോർ, ഖാലിദ് പട് ല, സയ്യിദ് കാഷിഫ് തുടങ്ങിയവർ അധികൃതർക്കൊപ്പമുണ്ട്. 18 ന് ബുധനാഴ്ച ദമദ് ജയിൽ സന്ദർശിച്ചു. അവിടെയുള്ള 7 പേർക്കുള്ള ഔട്ട്പാസ് നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചു. ജയിൽ മേധാവി മുഖദ്ദം മുഹമ്മദ് ബിനു സയീദ് അൽ റബീഅ കോൺസുലേറ്റ് അംഗങ്ങളെ സ്വീകരിച്ചു.
19 ന് വ്യാഴാഴ്ച സംഘം ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ചു. അവിടെയുള്ള ഒരാൾക്കും ഔട്ട് പാസിനുള്ള നടപടികൾ പൂർത്തിയാക്കി. ജിസാൻ സെൻട്രൽ ജയിലിൽ മുഖദ്ധം അഖീദ് സുൽത്താൻ ഇബ്നു അൽ നയീമിയും, മറ്റു ജയിലധികൃതരും ഇവരെ സ്വീകരിച്ചു. കൂടാതെ ജിസാൻ നാടുകടത്തൽ കേന്ദ്രത്തിലും കോൺസുലേറ്റ് സംഘം സന്ദർശിച്ചു. 9 പേരെ ജിദ്ദ ശുമൈസിയിലേക്കു മാറ്റുകയും പാസ്പോർട്ട് ഉള്ളവരെ ജിസാനിൽ നിന്നും കയറ്റി അയക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ഖാത്ത് കടത്ത്, മദ്യം, സാമ്പത്തിക ക്രമക്കേട് തുടങ്ങി വിവിധ തരത്തിലുള്ള കേസുകളിൽ അകപ്പെട്ടവരാണിവർ. ജിസാൻ സെൻട്രൽ ജയിലിൽ 65 ആളുകളും, ദമദ് ജയിലിൽ 13 ആളുകളും ഉൾപ്പെടെ 78 ആളുകൾ രണ്ടു ജയിലുകളുമായി ഉണ്ട്. ഇവരെ നേരിൽ കണ്ട് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നു കഴിയുന്ന എല്ലാ സഹായങ്ങളും സംഘം വാഗ്ദാനം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പെട്ട ആളുകൾ ഉണ്ടിവിടെ. ജയിൽ മേധാവികൾ എല്ലാ പിന്തുണയും കോൺസുലേറ്റ് അംഗങ്ങൾക്ക് നൽകി. 19ന് രാത്രി അംഗങ്ങൾ യാത്ര തിരിച്ചു.
![]()
