ഡൽഹി : അദാനിക്കെതിരെ വീണ്ടും കടുത്ത ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇറക്കുമതി ചെയ്യുന്ന കൽക്കരി വിലയിൽ കൃതൃമത്വം കാണിച്ച് അദാനി കോടികൾ തട്ടിയെടുക്കുകയാണെന്നും, ഇതാണ് വൈദ്യുതി വില വർദ്ധനയിലേക്ക് നയിക്കുന്നതെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അദാനി ഗ്രൂപ്പ് മൊത്തം 32,000 കോടി രൂപയാണ് ജനങ്ങളിൽ നിന്ന് തട്ടിയെടുത്തതെന്നും ഫിനാൻഷ്യൽ ടെെംസിന്റെ മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
“ഗൗതം അദാനി ഇന്തോനേഷ്യയിൽ കൽക്കരി വാങ്ങുന്നു, ഇന്ത്യയിലെത്തുമ്പോഴേക്കും അതിന്റെ വില ഇരട്ടിയായി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ഏകദേശം 32,000 കോടി രൂപ അദ്ദേഹം കൈക്കലാക്കി.”- രാഹുൽ പറഞ്ഞു. പ്രശസ്ത ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് “അദാനിയും നിഗൂഢമായ കൽക്കരി വിലയും” എന്ന പേരിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ വിഷയം ഇന്ത്യയിൽ ഒരിക്കൽപോലും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവൻ (അദാനി) പാവപ്പെട്ടവരിൽ നിന്ന് പണം തട്ടുന്നു. ഇത് പകൽ കൊള്ളയാണ് കൊള്ളയാണ് . നേരിട്ടുള്ള മോഷണം ഏത് സർക്കാരിനെയും താഴെയിറക്കും,”- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിയെ വീണ്ടും വീണ്ടും രക്ഷിക്കുന്നതെന്നും, ഈ വിഷയത്തിൽ മോദി പ്രതികരിക്കാത്തതും നടപടിയെടുക്കാത്തതും എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് വൈദ്യുതി സബ്സിഡി നൽകിയിട്ടുണ്ടെന്നും, വീണ്ടും അധികാരത്തിലെത്തിയാൽ അതേപദ്ധതി മധ്യപ്രദേശിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
![]()
