ലക്നൗ : ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്.
മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 40.5 ഓവറിൽ 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 74 പന്തിൽ 46 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 27 റൺസ് നേടിയ സ്റ്റാർക്കും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ഡേവിഡ് വാർണർ 13 റൺസ് നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 19 റൺസും ഗ്ലെൻ മാക്സ്വെൽ 3 റൺസും നേടി പുറത്തായി. സൗത്താഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റും, കേശവ് മഹാരാജ്, ഷംസി, മാർക്കോ യാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 106 പന്തിൽ 109 റൺസ് നേടിയ ഡീകോക്ക്, 44 പന്തിൽ 56 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് 50 ഓവറിൽ 311 റൺസ് നേടിയത്. 10 ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.
മത്സരത്തിലെ വമ്പൻ വിജയത്തോടെ സൗത്താഫ്രിക്ക ഇന്ത്യയെയും ന്യൂസിലൻഡിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ പോയിൻറ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.അഫ്ഗാനിസ്ഥാൻ മാത്രമാണ് പോയിൻറ് ടേബിളിൽ ഓസ്ട്രേലിയയ്ക്ക് പിന്നിലുള്ളത്. രണ്ടാം തോൽവിയോടെ ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് -1.846 ആയി കുറഞ്ഞു. ഓസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനെയും കൂടാതെ ശ്രീലങ്ക നെതർലൻഡ്സ് എന്നീ ടീമുകൾക്കാണ് ഇതുവരെ വിജയം നേടുവാൻ സാധിക്കാത്തത്.
![]()
