റിയാദ്: കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ‘ചാവേർ’ ൻറെ പ്രദർശനം സൗദി അറേബിയയിലെ റിയാദിൽ ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് സംഘടിപ്പിച്ചു. റിയാദിലെ ഖസർ മാളിലെ വോക്സ് തീയറ്ററിലാണ് വെള്ളിയാഴ്ച പ്രദർശനം സംഘടിപ്പിച്ചത്.
കുടുംബങ്ങൾ ഉൾപ്പെടെ നൂറോളംപേർ സിനിമ കാണുന്നതിനായി എത്തി. പ്രെത്യേക ഷോ നടത്താൻ ഫാൻസ് അനുമതി നേടുകയായിരുന്നു. പ്രദർശനത്തിന് മുൻപ് ചിത്രത്തിന്റെ പോസ്റ്റർ ആലേഖനം ചെയ്ത കേക്ക് മുറിച്ചു കൊണ്ടാണ് ഫാൻസുകാർ പ്രദര്‍ശനത്തെ വരവേറ്റത്. തുടർന്ന് തീയറ്ററിൽ ആർപ്പുവിളികളോടെ ഫാൻസുകാർ ഇളകിമറിയുകയായിരുന്നു. സ്ക്രീനിലെ കുഞ്ചാക്കോ ബോബന്റെ വരവ് ഫാൻസുകാർ കരഘോഷത്തോടെ ആർത്തു വിളിച്ചു വരവേറ്റു. പ്രദർശന ശേഷം സിനിമയുടെ ചർച്ചയും നടന്നു.
അസാധാരണ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോബന് കഴിഞ്ഞു എന്ന് സിനിമ കണ്ടവർ വിലയിരുത്തി. കുഞ്ചാക്കോ ബോബന്റെ മറ്റു കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരുന്നു ചാവേറിലേതെന്നു സ്ത്രീകളും കുട്ടികളും പറഞ്ഞു. ചാക്കോച്ചൻ ഫ്രണ്ട്സ് ആൻഡ് ലവേഴ്സ് സൗദി ഭാരവാഹികളായ സിയാദ് വർക്കല, അലക്സ് കൊട്ടാരക്കര, ജോൺസൺ മാർക്കോസ്, ലിൻസ് സാം, ജിജോ ജെയിംസ്, ലിൻസൺ, ഷാജഹാൻ എന്നിവർ പ്രദർശനത്തിനും തുടർന്ന് നടന്ന പരിപാടികൾക്കും നേതൃത്വം നൽകി.
![]()
