ഷിബു ഉസ്മാൻ,റിയാദ്
മൂന്നു വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മദിനത്തിൽ അവർ ഒത്തുകൂടി. പ്രിയപ്പെട്ടവന്റെ ഖബറിനരികിൽ. ഓർമ്മകൾ തളം
കെട്ടി നിൽക്കുന്ന റിയാദ് നസീമിലെ ആ ഖബർസ്ഥാനിൽ അവർ നിറകണ്ണുകളോടെ പ്രാര്ഥനാപൂർവ്വമായ ഹൃദയങ്ങളുമായി ഒത്തുകൂടി.
റിയാദ് ടാക്കീസിലെ അംഗവും പ്രിയപ്പെട്ടവനുമായിരുന്ന കായംകുളം സ്വദേശി മിറാഷ് മൻസൂറിന്റെ ഖബറിനരികിലാണ് അവന്റെ പ്രിയപ്പെട്ട റിയാദ് ടാക്കീസിലെ ചങ്കുകൾ ഒത്തുകൂടിയത്.
പ്രിയ സുഹൃത്തിന്റെ ആകാലത്തിലെ വിടവാങ്ങൾ റിയാദ് ടാക്കിസ് പ്രവർത്തകരിൽ ഇന്നും കനത്ത ദുഃഖമായി തളം കെട്ടിനിൽപ്പുണ്ട്..റിയാദിലെ നസീം മഖ്ബറയിൽ മയ്യത്ത് മാറമാടിയെങ്കിലും ഈ സൗഹൃദ കൂട്ടായ്മയുടെ ചങ്കുകളിൽ നിന്ന് പ്രിയ സൗഹൃദത്തെ പിഴുതു മാറ്റാൻ പ്രവാസത്തിന്റെ ഒരുമയുടെ സ്നേഹം സമ്മതിക്കുന്നില്ല. മരണപെട്ട ദിവസം ആ സൗഹൃദ വലയം മിറാഷിന്റെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുന്നത് പതിവായി. ഈ പ്രവാസം നേട്ടങ്ങൾ ഒത്തിരി നൽകുന്നു എങ്കിലും പ്രപഞ്ച സൃഷ്ടാവിന്റെ അലംഘനീയമായ വിളിക്ക് ഉത്തരം നൽകി ഓരോരുത്തർ യാത്ര ആവുന്നത് കാണുമ്പോൾ നെഞ്ചിലെ പിടച്ചിൽ ആരും കാണാതെ ഉള്ളിൽ ഒതുക്കി കഴിയുന്ന ഈ ചങ്ങാതി കൂട്ടമാണ് പ്രവാസ ലോകത്തെ അമൂല്യ സമ്പത്ത്.
‘മിറാഷേ… ഒറ്റക്കല്ല… നിന്നെ സ്നേഹിക്കുന്ന അനവധി പേർ നിനക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്” നസീം മഖ്ബറയുടെ നീലാകാശത്തു തിളങ്ങുന്ന നക്ഷത്രമായി ഇതൊക്കെ നീ കാണുന്നുണ്ടായിരിക്കും. ഈ സൗഹൃദങ്ങളെ ഓർത്തു നീ സന്തോഷിക്കുന്നുണ്ടാകും.
![]()
