ന്യൂ ഡൽഹി : ഐസിസി ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ ഇന്ത്യ. ഏഷ്യ കപ്പ് ചാമ്പ്യന്മാരായതിനൊപ്പം ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പിനായി എത്തുന്നത്.
പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായി സീനിയർ താരം രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് അക്ഷർ പട്ടേലിന് പരിക്ക് പറ്റിയത്. പിന്നീട് ഫൈനലിൽ വാഷിങ്ടൺ സുന്ദറിനെ പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തി. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അശ്വിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുകയും ആദ്യ രണ്ട് മത്സരങ്ങളിൽ കളിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം അശ്വിൻ പുറത്തെടുത്തിരുന്നു. അശ്വിൻ്റെ മൂന്നാമത്തെ ഏകദിന ലോകകപ്പായിരിക്കുമിത്. 2011 ലോകകപ്പിലും 2015 ലോകകപ്പിലും അശ്വിൻ ഇന്ത്യക്കായി കളിച്ചിരുന്നു.
ഇന്ത്യയുടെ അന്തിമ ലോകകപ്പ് ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്. ഷമി, രവിചന്ദ്രൻ അശ്വിൻ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.
![]()
