റിയാദ് : സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ചു ‘അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയ ദിനത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
റിയാദിൽ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രാവിലെ എട്ടു മണിക്ക് ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണി വരെ നീണ്ട ക്യാമ്പിൽ സ്ത്രീകളടക്കം നിരവധി പേരാണ് രക്തം നൽകാനെത്തിയത്. വർഷങ്ങളായി റിയാദ് കെഎംസിസി സൗദിയുടെ ദേശീയ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. നിരവധി പ്രവർത്തകരാണ് എല്ലാ വർഷവും രക്തം നൽകാനായി റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്താറുള്ളത്. വനിതാ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടേറെ വനിതകളും രക്ത ദാനം ചെയ്തു.
ക്യാമ്പ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹാമീദ് മാസ്റ്റർ (എംഎൽഎ) ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കിംഗ് സഊദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ. ഖാലിദ് , വി കെ മുഹമ്മദ്, കെ.കെ കോയാമുഹാജി, ജലീൽ തിരൂർ, യു പി മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂർ, പി സി അലി വയനാട്, കെ.ടി അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് മലപ്പുറം, അബ്ദുറഹ്മാൻ ഫറോക്ക്, ഷാഹിദ് മാസ്റ്റർ, ഷംസു പെരുമ്പട്ട സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി സിദ്ധീഖ് തുവ്വൂർ നന്ദിയും പറഞ്ഞു.
![]()
