റിയാദ്: തലസ്ഥാന നഗരിയുടെ എല്ലാ പ്രൗഢിയും വിളിച്ചോതി തലയുയർത്തി നിൽക്കുന്ന റിയാദിലെ പ്രധാന വീഥികളിലൊന്നാണ് തഹ്ലിയ സ്ട്രീറ്റ്. റോഡിനിരുവശവും മതിലുകളിൽ ഇപ്പോൾ മനോഹരമായ നിറങ്ങളിൽ ചിത്രപണികൂടി ചെയ്തത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വ്യത്യസ്തങ്ങളായ നിരവധി വർണങ്ങൾ കൊണ്ട് ഭരണാധികാരിയുടെ ചിത്രം മുതൽ സൗദിയുടെ സംസ്കാരത്തെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിച്ചുള്ള ചിത്രങ്ങൾ രാത്രി വെളിച്ചത്തിൽ പോലും കാല്നടയാത്രക്കാരെയും സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്നു. നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ പ്രേത്യേക അനുമതിയോടുകൂടി ഒരു കൂട്ടം സ്വദേശി യുവാക്കളായ കലാകാരന്മാരാണ് ഈ ചിത്ര പണികൾക്ക് പിന്നിൽ. സ്പ്രേ പൈൻറ്റും മറ്റു ചായക്കൂട്ടുകളും ചേർത്താണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ദൂരെനിന്നു തന്നെ കാൽനട യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള പ്രേതെക റിഫ്ലെക്ഷഷൻ ചായങ്ങൾ കൂടി ചേർന്നതോടെ ചിത്രങ്ങൾക്ക് കൂടുതൽ ആകർഷണം ലഭിക്കുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, സൗദി കാലിഗ്രഫിയുടെ വികസന ചിഹ്നങ്ങൾ, ഫൈസലിയാ ടവർ, കിങ്ടം ടവർ, ഒട്ടകക്കൂട്ടം, കുതിരകൾ, പ്രധാനപ്പെട്ട സ്റ്റേഡിയങ്ങൾ, ഫാസ്റ്റ് ഫുഡ്, കാർട്ടൂൺ കഥാപാത്രങ്ങൾ ഇങ്ങനെ നീളുന്നു ചുവരുകളിൽ ചിത്രങ്ങൾ. ഒരാഴ്ച കൊണ്ടാണ് ഒരു ചുവർ പൂർണ്ണമായും ക്യാൻവാസാക്കി മാറ്റാൻ വേണ്ടിവരുന്നത്. ഇങ്ങനെ തഹ്ലിയ ഭാഗത്തെ നിരവധി ചുവരുകൾ ഇപ്പോൾ ക്യാൻവാസുകളായി മാറിയിട്ടുണ്ട്. റോഡിനിരുവശവും കോഫീ ഷോപ്പുകളും റെസ്റ്റോറന്ററുകളും കൊണ്ട് നിറഞ്ഞ ഈ സ്ട്രീറ്റിലേക്ക് സാദ്ധ്യമുതൽ നല്ല തിരക്കാണ് അനുഭവപ്പെടുക. കോവിഡിന് ശേഷം സജീവമായ തെരുവുകളിൽ പ്രധാനപ്പെട്ട തഹ്ലിയ സ്ട്രീറ്റും ഇപ്പോൾ ജന നിബിഡമാണ്. ചുവരിലെ ചിത്രങ്ങൾക്ക് മാറ്റുകൂട്ടാൻ സ്ട്രീറ്റ് ലൈറ്റുകൾ പ്രേത്യേക രൂപത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള തിരക്കും ഇപ്പോൾ ഇവിടെ സ്ഥിരം കാഴ്ചയാണ്.
![]()
