ലോക പരിസ്ഥിതി ദിനം
ഓരോ പരിസ്ഥിതി ദിനവും ഒരു ഓർമ്മപ്പെടുത്തലാണ്, നിലനിൽപ്പിൻ്റെ ഓർമ്മപ്പെടുത്തൽ.
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം നാം തന്നെ ഉറപ്പുവരുത്തേണ്ടതാണ് എന്ന ഓർമ്മപ്പെടുത്തൽ.
ധാരാളം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് നാം വസിക്കുന്ന ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നതിനാൽ, ആവാസവ്യവസ്ഥകള്‍ക്ക് ഏറെ കരുതല്‍ നല്‍കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
മനുഷ്യന്റെ പ്രവർത്തികളുടെ ഫലമായി മലിനമാവുന്ന പരിസ്ഥിതിയെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതിനു വേണ്ടി നമ്മൾ കൈകോർക്കണം.
അനിയന്ത്രിതമായ പ്രകൃതി ചൂഷണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ ഫലമായി ജീവജാലങ്ങളുടെ നിലനിൽപ്പു തന്നെ ഭീഷണി നേരിട്ടു
കൊണ്ടിരിക്കുകയാണ്.
ആവാസവ്യവസ്ഥയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കൊണ്ടു മാത്രമേ സുസ്ഥിരമായ ജീവിതം സാധ്യമാവുകയുള്ളൂ.
പ്രകൃതിചൂഷണം തടയുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ച് നിലനിർത്തുന്നതിനുമുള്ള ശക്തിയാകേണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്.
മരങ്ങൾ നട്ടും,നാടും നഗരവും പച്ച പിടിപ്പിച്ചും, പൂന്തോട്ട ങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിച്ചും ഭൂമിയുടെ കാവലാളാകുവാൻ നമുക്ക് കഴിയണം.
പ്ലാസ്റ്റിക് മാലിന്യങ്ങളെ തടയുക വഴി ആവാസവ്യവസ്ഥയുടെ പ്രഭവകേന്ദ്രമായ മണ്ണിനെയും നദിയെയും സമുദ്രത്തെയും സംരക്ഷിക്കാം.
ജൈവവൈവിധ്യവും,ആവാസവ്യവസ്ഥയും ഭൂമിയുടെ നിലനിൽപ്പിന് അടിസ്ഥാനമാകയാൽ അവയുടെ വീണ്ടെടുപ്പിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം,നമ്മെ പൊതിയുന്ന വെളിച്ചം, ഇവയൊക്കെ വരും തലമുറയ്ക്ക് കാത്തുസൂക്ഷിക്കണമെന്നും,ഇവയെല്ലാം സംരക്ഷിക്കണമെന്നും,ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
സുഗതകുമാരി ടീച്ചറുടെ ഒരു കവിതയുണ്ട്.
നാളേക്ക് വേണ്ടി എന്നാണ് ആ കവിതയുടെ പേര്.
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി”
ഈ കവിത ലളിതമായ ഭാഷയിലെങ്കിലും ശക്തമായി പറയുന്നത് നമ്മുടെ പ്രകൃതിയെ ഇവിടുത്തെ മുഴുവൻ ചരാചരങ്ങൾക്കുമായി സംരക്ഷിക്കണമെന്നാണ്.
ലോകം മുന്നോട്ട് കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുകയാണ് . ലാഭത്തിനായി തനിക്ക് ചുറ്റുമുള്ള എന്തിനെയും അത് മണ്ണ് ആവട്ടെ, മരമാവട്ടെ, പാറയാവട്ടെ, പുഴയാവട്ടെ, കടലാവട്ടെ ചൂഷണം ചെയ്ത് തകർക്കുന്ന ആളുകളുടെ കൂട്ടത്തിലേക്ക് നമ്മളും എത്തിച്ചേർന്നിരിക്കുന്നു.
നാം ജീവിക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണെന്ന് വരും തലമുറയെങ്കിലും ബോധ്യപ്പെടുത്തേണ്ട വലിയ ചുമതല നമുക്കു ഓരോരുത്തർക്കുമുണ്ട്.
ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും മാല്യന്യം നിറഞ്ഞ ഈ കാലത്ത് നമുക്ക് വരും തലമുറക്കായി ഒരു തുള്ളി വെള്ളവും, ഒരു മരവും ഇത്തിരി മണ്ണും സൂക്ഷിച്ചു വെക്കാം.
#Beat Plastic Pollution# എന്ന ഹാഷ്ടാഗും മുദ്രാവാക്യവും ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും.
ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി,
പ്ലാസ്റ്റിക് പൊല്യൂഷൻ കുറച്ചു ഭൂമിയെ സംരക്ഷിക്കുക” എന്നതു മാണ് 2023-ലെ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യം.
മനുക്ഷ്യനൊപ്പം പ്രകൃതിക്കൊപ്പം എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ ചിന്ത .
വരുന്ന തലമുറകൾക്ക് ജീവവായു നൽകാൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യൻ്റെ കടമയാണ്.
ഉപേക്ഷകളില്ലാതെ പരിസ്ഥിതിയെ സംരക്ഷിച്ച് മുന്നോട്ട് പോകാൻ നമ്മുക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്നാശംസിക്കുന്നു….
സുരേഷ് ശങ്കർ, റിയാദ്.
![]()
