റിയാദ് :രാജ്യത്തെ സിവിൽ ക്രിമിനൽ നിയമങ്ങളടക്കം വംശീയ മുൻവിധികളോടെ മാറ്റിമറിക്കപ്പെടുന്ന സന്ദർഭത്തിലാണ് നമ്മുടെ രാജ്യമെന്നും ഇനി ‘ഹിന്ദുത്വ ഫാഷിസ്റ്റ് രാജ്യ’ പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നതെന്നും ഫാഷിസത്തെ നേരിടാൻ ആശയ വ്യക്തത വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീഖ് പറഞ്ഞു.
സൗദി അറേബ്യയിലെ പാർട്ടി ഭാരവാഹികളെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ അവകാശം റദ്ദ് ചെയ്തു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം ഗവർമെന്റിന്റെ തീരുമാനങ്ങൾക്ക് മേൽക്കൈ ലഭിക്കുന്ന വണ്ണം ഭേദഗതി വരുത്തിയതും അന്യായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കത്തിയെരിയുമ്പോൾ പ്രധാന മന്ത്രി മൗനം പാലിക്കുകയും മണിപ്പൂരോ ഹരിയാനയോ സന്ദർശിക്കാതിരിക്കുകയും ചെയ്തത് അപരാധമാണ്. കൃത്യമായ സ്ക്രിപ്റ്റും ഷെഡ്യൂളും വെച്ചുകൊണ്ടാണ് സംഘപരിവാർ രാജ്യത്തിന്റെ വ്യവസ്ഥാപിത മൂല്യങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെടുന്നത്. പ്രതിപക്ഷ കക്ഷികളുടെ ദൗർബല്യങ്ങളും ട്രില്യൺ കണക്കിന് സമ്പത്തിന്റെ പിൻബലവും കൊണ്ടാണ് അവർ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഇതിനെ നേരിടാൻ ആശയ വ്യക്തതയും ആദർശ പിൻബലവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ താല്പത്യങ്ങൾ സംരക്ഷിക്കുവാൻ ഒറ്റക്കെട്ടായി വർധിത വീര്യത്തോടെ പ്രവർത്തിക്കുവാൻ അദ്ദേഹം പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലീദ് സംസാരിക്കുകയും അന്വേഷണങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പ്രവാസി വെൽഫയറിന്റെ സൗദി നാഷണൽ, പ്രൊവിൻസ്, ജില്ലാ, ഏരിയ, യൂണിറ്റ് ഭാരവാഹികളായ ഇരുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. നാഷണൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ(ജിദ്ദ) സ്വാഗതവും ട്രഷറർ സമീഉല്ല(ദമ്മാം) നന്ദിയും പറഞ്ഞു.
![]()
