റിയാദ് :മുസാഹ്മിയ കെ എം സി സി കമ്മിറ്റി രൂപീകരിച്ചതിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. അഹ്ലൻ 12 എന്നപേരിൽ മുസാഹ്മിയ ആരീഫ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പൊതുസമ്മേളനം റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മുസാഹ്മിയ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷത വഹിച്ചു.
“ബഹുസ്വരതയുടെ സൗന്ദര്യം “എന്ന വിഷയത്തിൽ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി എം മുഹമ്മദാലി മാസ്റ്റർ പ്രഭാഷണം നിർവ്വഹിച്ചു. ഭാരതത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. നിരവധി മതങ്ങൾക്ക് ജന്മം നൽകുകയും അനവധി മതങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഉദ്യാനസമാനമായ നമ്മുടെ മണ്ണിൽ വിഷം കലർത്തുന്ന ഫാസിസ്റ്റുകൾ നമ്മുടെ ജീവശ്വാസമാണ് ഇല്ലാതാക്കുന്നത്. രാജ്യത്തിന്റെ ഏറ്റവും അമൂല്യമായ മതേതരത്വം ഇല്ലാതാക്കുവാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുവാൻ നമുക്ക് കഴിയണം. സംഘപരിവാർ ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. മത നിരപേക്ഷ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“പ്രവാസ ലോകത്ത് കെഎംസിസിയുടെ പ്രസക്തി” എന്ന വിഷയം സംബന്ധിച്ച് സത്താർ താമരത്ത് പ്രഭാഷണം നിർവ്വഹിച്ചു. പ്രവാസം സ്വീകരിച്ച മനുഷ്യർക്കിടയിൽ സദാ സേവന സന്നദ്ധരായ ആയിരക്കണക്കിന് പ്രവർത്തകരുടെ സമർപ്പണത്തിന്റെ പേരാണ് കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്രവാസ മണ്ണിൽ ദേശ ഭാഷകൾക്കതീതമായി കർമ്മ രംഗത്ത് നിറഞ്ഞു നിന്ന കെഎംസിസി യുടെ പ്രവർത്തനങ്ങൾ സർവ്വരാലും അംഗീകരിക്കപ്പെട്ടതാണെന്നും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കെഎംസിസിയുടെ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ, വെൽഫെയർ വിംഗ് അംഗം ഉമ്മർ അമാനത്ത്, മുസാഹ്മിയ എസ് ഐ സി പ്രസിഡന്റ് കുഞ്ഞലവി ഹാജി മച്ചിങ്ങൽ, ഒ ഐ സി സി പ്രസിഡന്റ് ജയൻ മാവിള, ഐ സി എഫ് വൈസ് പ്രസിഡന്റ് ഷുക്കൂർ സഖാഫി, സ്നേഹ സംഗമം സെക്രട്ടറി സുബൈർ ഈരാറ്റുപേട്ട, പി കെ ഷുഹൈബ് വേങ്ങര, സ്വദേശി പൗരൻ മുഹമ്മദ് ഫലാഹ് എന്നിവർ പ്രസംഗിച്ചു. മുസാഹ്മിയ കെഎംസിസി കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ സുബൈർ ചുഴലി സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദാലി ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി റിയാദ് വന്ദനം ഓർകസ്ട്രയുടെ ഇശൽ നൈറ്റും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ആഘോഷപരിപാടികൾക്ക് കെഎംസിസി ഭാരവാഹികളായ ആബിദ് പുത്തൂർ, റഫീഖ് വേങ്ങര, ശുഹൈബ് പെരിന്തൽമണ്ണ, സിദ്ദീഖ് കൊണ്ടോട്ടി, യൂസഫ് കുന്നപ്പള്ളി, അനസ് ആലപ്പുഴ, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി
![]()
