തായിഫ് : സൗദി അറേബിയയുടെ വിനോദ സഞ്ചാരകേന്ദ്രമായ തായിഫിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ തട്ടിയെടുത്തു കുരങ്ങൻ ഓടി. പിന്നാലെ കുഞ്ഞിനായി നിലവിളിച്ചു മാതാവും. തായിഫിലെ ശഫയിലാണ് സംഭവം. വിനോദ സഞ്ചാരകേന്ദ്രം സന്ദർശിക്കാൻ എത്തിയ സ്വദേശി വനിതയുടെ പിഞ്ചുകുഞ്ഞിനെയാണ് വാനരൻ തന്ത്രത്തിൽ തട്ടിയെടുത്തത്.
അമ്മയുടെ പക്കൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത കുരങ്ങൻ കുഞ്ഞുമായി മലയുടെ താഴ്വാരത്തേക്ക് പായുകയായിരുന്നു. തുടർന്ന് നിലവിളികേട്ട് ഓടിക്കൂടിയ സഞ്ചാരികൾ കുരങ്ങനെ പിന്തുടരുകയും ഒടുവിൽ കുഞ്ഞിനെ നിലത്തെറിഞ്ഞു കുരങ്ങൻ രക്ഷപെടുകയായിരുന്നു. നിസാരപരിക്കു പറ്റിയ കുഞ്ഞു ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. വാനരൻറെ കയ്യിൽ നിന്ന് മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കുടുംബം. സൗദി അറേബിയയുടെ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിലെ ശഫാ കുന്നുകൾ സഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണ്.
![]()
