ജിദ്ദ : പ്രവാസി വെൽഫെയർ ജിദ്ദ ഘടകം മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു.
സ്നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് മാത്രമേ നമ്മുടെ രാജ്യത്തിന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന അഖണ്ഡതയും ധാർമികതയും വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്ന് പ്രതിരോധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് പ്രെസിഡൻഡ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.പൗരന്റെ അന്തസ്സിന് ഏറ്റവും ഉയർന്ന സ്ഥാനം കൽപ്പിക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ ഭരണ ഘടനയുള്ള ഒരു രാജ്യത്ത് നിന്ന് കൊണ്ട്, ആ രാജ്യത്ത് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് നഗ്നരായി തെരുവിലൂടെ ആട്ടിയോടിക്കപെടുന്ന സ്ത്രീകളെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ലജ്ജാകരമാണ്.
വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ എതിരിടാൻ സ്നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന് നഷ്ടപെട്ട ധാർമികത വീണ്ടെടുക്കേണ്ടതുണ്ട്, അതിന്നായി ഭരണഘടനാ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത സംഘ് പരിവാറിനെ ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ വിശ്വാസികൾക്കുണ്ട് എന്നും വിഷയാവതാരകൻ ബഷീർ ചുള്ളിയൻ ഓർമിപ്പിച്ചു.
അബ്ദുള്ള മുക്കണ്ണി, എ.എം. സജിത്ത് (മലയാളം ന്യൂസ്), നസീർ ബാവ കുഞ്ഞു, മിർസ ഷെരീഫ്, ഇബ്റാഹീം ഷംനാട്, ശിഹാബ് കരുവാരകുണ്ട്, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജെസ്സീന ബഷീർ സ്വന്തമായി രചിച്ച കവിതയും, അരുവി മോങ്ങത്തിന്റെ കവിത അബ്ദുൽ ലത്തീഫ് കരിങ്ങനാടനും ആലപിച്ചു.ജനറൽ സെക്രെട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്റ ബഷീർ നന്ദിയും പറഞ്ഞു
![]()
