റിയാദ്: സൗദിയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാറിന്റെ (56) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ദവാദ്മിയിൽനിന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ അൽഖസ്സീം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു അജയകുമാറിന്റെ മരണം. താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരുമാസത്തോളം സമയമെടുത്തു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെട്ട് അൽഖസ്സീം വിമാനത്താവളം വഴി നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും അനുവദിക്കുകയായിരുന്നു.
താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ സ്വദേശി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
36 വർഷത്തോളമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അജയകുമാർ. എന്നാൽ, കഴിഞ്ഞ 15 വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നിലെ സാഹചര്യങ്ങൾ പ്രവാസികൾക്ക് ഗൗരവമായ മുന്നറിയിപ്പാണ് നൽകുന്നത്.
അജയകുമാറിന്റെ മരണവിവരം ദവാദ്മി പൊലീസ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയുന്നതിനും തുടർനടപടികൾക്കും കേളി പ്രവർത്തകർ ഇടപെട്ടത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികൾക്ക് കേളി നേതൃത്വം നൽകി.
പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ് അജയകുമാർ. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരാണ്. ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജിയാണ് സഹോദരൻ.
