ദുബായ്: നിരവധി പേര് മരിക്കാനിടയായ യു.എ.ഇ ഫുജൈറയിലെ വന്‍ അപകടത്തില്‍ മൂന്ന് മലയാളികളും മരിച്ചതായി പ്രാഥമിക വിവരം.മലപ്പുറം കുന്നുംപുറം കുണ്ടില്പ്പാറ സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മിസ്നയുടെ മകന് മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറ കോടതിയുടെ മുന്നില്‍ ട്രക്കിന്റെ പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടം.അപകടത്തില്‍ ഇതേ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ഫുജൈറയില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിനാണ് ഈ ദുരന്തം സംഭവിച്ചത്.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.കുടുംബം ഷാര്‍ജയില്‍ നിന്ന് ഫുജൈറയിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായതെന്ന് ഫുജൈറയിലെ സാമൂഹിക പ്രവര്ത്തകന് അറിയിച്ചു. മരിച്ച 21 വയസ്സുകാരനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഇടിയുടെ ആഘാതത്തില്‍ യുവാവും ഇരട്ടസഹോദരിയും മൂന്ന് വയസ്സുകാരനായ കുഞ്ഞും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് കുടുംബാംഗങ്ങള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫുജൈറയില്‍ ജനിച്ചുവളര്‍ന്നവരാണ് മരിച്ച ഇരട്ടകളായ യുവതീയുവാക്കള്‍. ഇവരുടെ പിതാവ് സിദ്ദീഖ് നഗരത്തില്‍ ഒരു കഫ്തീരിയ നടത്തിവരികയായിരുന്നു.
