മനാമ: പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പേരിൽ സാധാരണക്കാരായ പ്രവാസികളുടെ മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയും ചികിത്സയ്ക്കായി നട്ടംതിരിയുന്ന പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ജിസിസി കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പേരിൽ സാധാരണക്കാരായ പ്രവാസികളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യം തുടരുകയാണ്. രോഗികളായ നിരവധി പ്രവാസികൾ ചികിത്സയ്ക്കും മരുന്നിനുമായി പണം കണ്ടെത്താൻ നട്ടംതിരിയുകയാണ്. ഇത്തരം സാഹചര്യത്തിൽ പ്രവാസികളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഗണിക്കാതെ ഇൻഷുറൻസ് പദ്ധതിയുടെ ബാധ്യതകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട് വാർത്ത കുറിപ്പിലൂടെ പ്രതിഷേധിച്ചു .
പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി അവരുടെ ജീവിതത്തിൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പ്രവാസികളുടെ സാമ്പത്തിക ശേഷിയും കുടുംബ സാഹചര്യങ്ങളും രോഗാവസ്ഥകളും പരിഗണിച്ചായിരിക്കണം ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കേണ്ടത്.
പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണം.
പ്രവാസികളോട് അനുകൂല നിലപാടുമായി മുന്നോട്ടുവരുന്നതിന് പകരം അവരുടെ പ്രയാസങ്ങളെ അവഗണിക്കുന്ന സമീപനം തുടരുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി ശക്തമായി ഇടപെടണമെന്നും ഇൻഷുറൻസ് പദ്ധതിയിലെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും GMF ആവശ്യപ്പെട്ടു.
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ഉത്തരവാദിത്തത്തോടെ ഇടപെടണം. ഇൻഷുറൻസ് പദ്ധതിയുടെ പേരിൽ സാധാരണക്കാരായ പ്രവാസികളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. പ്രവാസികളുടെ ചികിത്സാ ആവശ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ഇൻഷുറൻസ് പദ്ധതി പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള അനീതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും സാധാരണക്കാരായ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിഷേധം ശക്തമാക്കുമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
