റിയാദ്: വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പൻ നിർമ്മിച്ച മലയാളത്തിലെ ആദ്യ എ ഐ (കൃത്രിമബുദ്ധി) സിനിമയായ ‘വാഗ്ദത്തഭൂമി’ അബുദാബി അൽ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (Al-Momora International Film Festival) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പ്രശസ്ത സംവിധായകൻ സിദ്ധിക് പറവൂർ ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.
കാനഡയിലേക്ക് കടിയേറിയ മകന്റെയും കർഷകനായ പിതാവിന്റെയും വൈകാരികമായ ആത്മസംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ത്യയിലെ മാധ്യമങ്ങളിൽ നിന്നും മികച്ഛ പ്രതികരണമാണ് ഈ ചിത്രം ഇതിനകം നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ അഭിമാനമായ ഐ.എഫ്.എഫ്.കെ (IFFK) ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും ‘വാഗ്ദത്തഭൂമി ‘ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമാരംഗത്ത് സജീവമായ ഷാജു വാലപ്പൻ ഇതിനകം നാല് സിനിമകൾ നിർമ്മിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സ്വാലിഹ്, നിഴൽ വ്യാപരികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അദ്ദേഹം ‘വാഗ്ദത്തഭൂമി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രവാസി വ്യവസായി സിനിമാരംഗത്ത് അന്താരാഷ്ട്ര തലത്തിൽ ഇത്രയും വലിയ അംഗീകാരങ്ങൾ നേടുന്നത് ആദ്യമാണ്. ഇന്ത്യയിൽ എ ഐ (കൃത്രിമബുദ്ധി) കാമറ പ്രത്യേക മന്ത്രാലയവും മന്ത്രിയുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. ആയതിനാൽ മലയാളത്തിലെ ആദ്യ എ ഐ സിനിമ എന്ന നിലയിൽ ‘വാഗ്ദത്തഭൂമി’യെ പ്രോത്സാഹിപ്പിക്കാൻ പിന്നണിയിലുള്ള സർക്കാർ മുന്നോട്ട് വരുമെന്ന പ്രതീക്ഷ നിർമ്മാതാവും സംവിധായാകനും വാർത്താസമ്മേളനത്തിൽ പങ്കുവച്ചു. റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് ഷാജു വാലപ്പനൊപ്പം സിനിമയിൽ അഭിനയിച്ച സുരേഷ് ശങ്കർ തൃശൂർ, നോയൽ ഷാജു വാലപ്പൻ, വാലപ്പൻക്രിയേഷൻസ് സി.ഇ.ഒ. ലിൻസി ഷാജു വാലപ്പൻ, ഫിനാൻസ് കൺട്രോളർ ഡോ.നോവ ഷാജു വാലപ്പൻ, അസോസിയേറ്റ് ഡയറക്ടർ ഇഫ്ലാസ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

