റിയാദ്: ജോലിക്കിടെ പരിക്കേറ്റ് ആശുപത്രിയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. റിയാദ് മല്‍ഹമില്‍ ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഉത്തര്‍പ്രദേശ് ദിയോറിയ സ്വദേശി റഹീമുദ്ദീന് അന്‍സാരി (61)യുടെ മൃതദേഹമാണ് നിയമതടസ്സങ്ങള്‍ നീക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയര്‍മാനും റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറുമായ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.
അല്‍ഖര്‍ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡിമിക്സ് കമ്പനിയിലെ തൊഴിലാളിയായിരുന്ന റഹീമുദ്ദീന് അന്‍സാരിക്ക് കഴിഞ്ഞ ജൂലൈ 23നാണ് ഫോര്‍ക്ക്ലിഫ്റ്റ് ഇടിച്ച് വലതു കാലില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം ഹുറൈമല ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് റിയാദ് ദര്‍ഇയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഓഗസ്റ്റ് 29നാണ് മരണപ്പെട്ടത്
മരണാനന്തര നടപടിക്രമങ്ങളില്‍ വലിയ പ്രതിസന്ധികളാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനോ അല്ലെങ്കില്‍ സൗദിയില്‍ തന്നെ മറവു ചെയ്യാനോ ഉള്ള ക്ലിയറന്‍സ് രേഖകള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും നിരന്തരം ബന്ധപ്പെട്ടെങ്കിലും ക്ലിയറന്‍സ് പേപ്പറുകള്‍ ഒന്നും ലഭ്യമാക്കാന്‍ സാധിച്ചില്ല.
മരണം നടന്ന് ഒരു മാസത്തിനു ശേഷം തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ റഫീഖ് പുല്ലൂരിന് റിയാദ് ഇന്ത്യന്‍ എംബസി അനുമതി നല്കി. അദ്ദേഹം കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. അപകടസമയത്തോ ചികിത്സാസമയത്തോ കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് അല്‍ഖര്‍ജിലുള്ള കമ്പനിയിലെത്തി മാനേജ്മെന്റുമായി സംസാരിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കൈപ്പറ്റി. നടപടി ക്രമങ്ങൾ വേഗതയിലാക്കാൻ റഫീഖ് മഞ്ചേരി ഹുറൈമല ഗവര്‍ണറേറ്റിലെത്തി ഗവര്‍ണറെ നേരിട്ട് കണ്ടു കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് പരിഹാരമായി .ദര്‍ഇയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി റിയാദ് ശുമേസി ഹോസ്പിറ്റലിലേക്ക് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റുകയും;കാലിലേറ്റ പരിക്കിനെത്തുടർന്നുണ്ടായ സങ്കീർണതകളും കാർഡിയാക് അറസ്റ്റുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തുകയും ക്ലിയറന്‍സ് രേഖകള്‍ നല്‍കുകയും ചെയ്തു.
എന്നാൽ രേഖകൾ ലഭിച്ചെങ്കിലും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സാമ്പത്തിക ചെലവുകൾ പുതിയ പ്രതിസന്ധിയായി. ചെലവുകൾ വഹിക്കാൻ കമ്പനി ആദ്യഘട്ടത്തിൽ വിമുഖത കാണിച്ചതോടെ, വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി. എംബസി അധികൃതർ ഇടപെടുകയും ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് വരികയും ചെയ്തതോടെ, കമ്പനി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കാൻ ഒടുവിൽ തയ്യാറാകുകയായിരുന്നു.
ഓഫീസുകള്‍ കയറിയിറങ്ങി നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റഫീഖ് മഞ്ചേരിയുടെയും റിയാദ് എംബസിയുടെയും ശക്തമായ ഇടപെടലിലാണ് റഹീമുദ്ദീന് അന്‍സാരിയുടെ മൃതദേഹം ദമാം വഴി ലക്നൗവിലേക്കുള്ള ഫ്ളൈനാസ് എയറില്‍ നാട്ടിലെത്തിച്ചത്.
നടപടിക്രമങ്ങളുടെ ഭാഗമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരായ ജാഫര്‍ വീമ്പൂര്, നസീര്‍ കണ്ണീരി (റിയാദ്) ഇസ്ഹാഖ് താനൂര്‍ (മല്‍ഹം), ബീരാന് തുവ്വൂര്‍, അബ്ദുല്‍ മജീദ് വള്ളിക്കാപറ്റ (ഹുറൈമല), എന്നിവരും രംഗത്തുണ്ടായിരുന്നു.
