റിയാദ്: ഡിഫൻസ് ഇന്റർനാഷണൽ മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ റിയാദിലെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്രായത്തിലുള്ള കുട്ടികൾ പങ്കെടുത്ത ഗ്രേഡിംഗ് ടെസ്റ്റിൽ പരിശീലനത്തിലൂടെ നേടിയെടുത്ത സ്വയംപ്രതിരോധ കഴിവുകളും മാർഷൽ ആർട്സ് മികവുകളും പ്രകടിപ്പിച്ചു.
കുട്ടികളിൽ ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത, സ്വയംപ്രതിരോധശേഷി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ നേടിയ കഴിവുകൾ വിലയിരുത്തുന്നതിനും തുടർപരിശീലനത്തിന് പ്രോത്സാഹനം നൽകുന്നതിനുമാണ് ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചത്.
മാർഷൽ ആർട്സ് പരിശീലനം കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മാനസിക കരുത്തും ആത്മവിശ്വാസവും വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ ഷംനാദ് കരുനാഗപ്പള്ളി അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം ഇത്തരം പരിശീലനങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഡിഫൻസ് ഇന്റർനാഷണൽ അക്കാദമിയുടെ സ്ഥാപകനും ഗ്രാൻഡ്മാസ്റ്ററുമായ അഞ്ജൂ ജി ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുത്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. മാസ്റ്റർ ദീപു, മാസ്റ്റർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗ്രേഡിംഗ് ടെസ്റ്റിൽ കുട്ടികൾ വിവിധ മാർഷൽ ആർട്സ് പരിശീലനമുറകളും സ്വയംപ്രതിരോധ വിദ്യകളും അവതരിപ്പിച്ചു. കുട്ടികളുടെ പ്രകടനങ്ങൾക്ക് രക്ഷിതാക്കളുടെയും പരിശീലകരുടെയും പ്രോത്സാഹനം ലഭിച്ചു.
ഡിഫൻസ് ഇന്റർനാഷണൽ അക്കാദമി കുടുംബാംഗങ്ങളായ നീതു, ദീപു, സാമുവൽ, കനക, സുജ ബിനോയ്, അനീഷ്, സുരേന്ദ്രൻ, മാധവൻ, ബിനീഷ്, രാജേഷ്, ജിജിൻ, തോമസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിശീലകരും രക്ഷിതാക്കളും അക്കാദമി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
