റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയുടെ 44-ാമത് രൂപീകരണ ദിനം എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ(EPPA) ആഘോഷിച്ചു. കേക്ക് മുറിച്ച് അംഗങ്ങളും ഭാരവാഹികളും ആശംസകൾ പങ്കുവെച്ചുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്.
പ്രസിഡന്റ് മുഹമ്മദ് ഖാൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേറ്റ് പ്രസിഡന്റ് രാജീവ് സാഹിബ് രൂപീകരണ ദിന സന്ദേശം നൽകി. സെക്രട്ടറി അലക്സ് ചുണ്ടമണ്ണിൽ, ട്രഷറർ ബാബുക്കുട്ടി, കൺവീനർ രാകേഷ് മാത്യു എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരികവും പ്രകൃതിരമണീയവുമായ പൈതൃകത്തിൽ സുപ്രധാന സ്ഥാനമുള്ള ജില്ലയാണ് പത്തനംതിട്ട. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയും പച്ചപ്പാർന്ന മലനിരകളും നദികളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ജില്ലയുടെ പ്രത്യേകതകളാണ്. ആത്മീയതയും പ്രകൃതിഭംഗിയും സാംസ്കാരിക പാരമ്പര്യവും ഒത്തുചേരുന്ന പത്തനംതിട്ട കേരളത്തിന്റെ അഭിമാനത്തിന്റെ അവിഭാജ്യ ഘടകമാണ്.
പ്രവാസലോകത്തും പത്തനംതിട്ടയുടെ സ്നേഹവും സൗഹൃദവും ഐക്യവും നിലനിർത്തുന്നതിനും നാടിന്റെ പൈതൃകവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും EPPA പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നാടിനോടുള്ള സ്നേഹവും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ ആഘോഷം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സമാപിച്ചു.
