റിയാദ്: കേരളപ്പിറവിയുടെ മഹനീയമായ ഓർമകൾക്കൊപ്പം പത്തനംതിട്ട എന്ന അതിമനോഹരമായ മലയോര ജില്ലയുടെ ജന്മദിനവും അഭിമാനത്തോടെ സ്മരിച്ചുകൊണ്ട് നവംബർ 1- ന് “എൻ്റെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ “(EPPA -Ente Pathanamthitta Pravasi Association) സൗദി അറേബ്യയിലെ റിയാദിൽ രൂപീകരിച്ചു.
സ്വന്തം നാടായ പത്തനംതിട്ടയോടുള്ള സ്നേഹവും പ്രവാസജീവിതത്തിൽ പരസ്പരം താങ്ങാകണമെന്ന സാമൂഹിക ഉത്തരവാദിത്വവും ചേർത്തുവെച്ചുകൊണ്ടാണ് EPPA-യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ടക്കാരുടെ ക്ഷേമത്തിനൊപ്പം സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി സമൂഹത്തിനും സഹായവും പിന്തുണയും നൽകുന്ന സ്നേഹവേദിയായി മാറുകയാണ് സംഘടനയുടെ ലക്ഷ്യം.
പ്രവാസം അതിരുകൾക്കപ്പുറമുള്ള ജീവിതാനുഭവമാണ്. സ്വന്തം നാടും കുടുംബവും വിട്ട് വിദേശത്ത് കഴിയുന്നവർക്ക് പ്രതിസന്ധികളിൽ ഒരു സഹായഹസ്തവും പ്രയാസങ്ങളിൽ ആശ്വാസവാക്കും ആവശ്യസമയങ്ങളിൽ ചേർത്തുപിടിക്കാൻ ഒരു കൂട്ടായ്മയും ഏറെ വിലപ്പെട്ടതാണ്. ഈ തിരിച്ചറിവിൽനിന്ന്, ജാതി-മത-പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി മാനവികതയ്ക്കും സഹജീവിസ്നേഹത്തിനും പ്രാധാന്യം നൽകുന്ന ഒരു സാമൂഹിക കൂട്ടായ്മ കെട്ടിപ്പടുക്കാനാണ് EPPA ലക്ഷ്യമിടുന്നത്.
കാരുണ്യപ്രവർത്തനങ്ങൾ, അർഹരായവർക്ക് സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ പിന്തുണ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സാധ്യമായ ഇടപെടലുകൾ, പരസ്പരസഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ എന്നിവ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. പ്രവാസലോകത്ത് ആരും ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസം പകരുകയും വിദേശമണ്ണിലും വീടിന്റെ സ്നേഹവും നാട്ടിന്റെ കരുതലും അനുഭവിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് EPPA മുന്നോട്ടുവയ്ക്കുന്ന ആശയം.
ഭാരവാഹികളായി മുഹമ്മദ് ഖാൻ(പ്രസിഡന്റ്),രാജീവ് സാഹിബ്(അസോസിയേറ്റ് പ്രസിഡന്റ്),അലക്സ് ചുണ്ടമണ്ണിൽ(സെക്രട്ടറി),ബാബുക്കുട്ടി(ട്രഷറർ),രേഖേഷ് മാത്യു(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

പത്തനംതിട്ടയുടെ രൂപീകരണദിനത്തിൽ തന്നെ സംഘടനയ്ക്ക് തുടക്കം കുറിച്ചത് സ്വന്തം നാടിന്റെ ചരിത്രത്തോടും സ്വത്വത്തോടുമുള്ള ആദരവിന്റെ പ്രതീകമായാണ്. എന്നാൽ EPPA-യുടെ കാഴ്ചപ്പാട് ഒരു ജില്ലയുടെ അതിരുകളിൽ ഒതുങ്ങുന്നതല്ല; സ്വന്തം നാടിന്റെ പേരിൽ ഒന്നിച്ചുനിൽക്കുമ്പോഴും വിശാലമായ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കൈകോർക്കുക എന്നതാണ് അതിന്റെ അടിസ്ഥാന സന്ദേശം.
