റിയാദ്: സ്ത്രീപക്ഷ രചനകളും സാമൂഹിക യാഥാർഥ്യങ്ങളും ചർച്ച ചെയ്ത് ചില്ലയുടെ ഒക്ടോബർ മാസത്തെ വായന റിയാദ് ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. വ്യത്യസ്ത പ്രമേയങ്ങളിലുള്ള നാല് കൃതികളുടെ വായനാനുഭവങ്ങളും തുടർന്നുള്ള ചർച്ചകളും സംഗമത്തെ ശ്രദ്ധേയമാക്കി.
പ്രശസ്ത രാഷ്ട്രീയ പ്രവർത്തകയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബൃന്ദ കാരാട്ട് രചിച്ച ‘ഹിന്ദുത്വ ആൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ’ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച് ഷഹീബ വി.കെ. പരിപാടിക്ക് തുടക്കം കുറിച്ചു.
ബിൽക്കിസ് ബാനു കേസ്, ഹാത്രസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ച സംഭവം, മണിപ്പൂരിലെ കുക്കി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളും തുടങ്ങി നിരവധി സംഭവങ്ങൾ കൃതി ചർച്ച ചെയ്യുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയ നേതാക്കൾ, ഭരണകൂടം, പൊലീസ്, നീതിന്യായ വ്യവസ്ഥ എന്നിവ സ്വീകരിച്ച നിലപാടുകളും പുസ്തകം വിശകലനം ചെയ്യുന്നതായി ഷഹീബ വിശദീകരിച്ചു.
സ്ത്രീവിമോചന പ്രവർത്തകയും നോവലിസ്റ്റും കഥാകൃത്തുമായ സി.എസ്. ചന്ദ്രികയുടെ ‘കാന്തൽ’ എന്ന നോവലിന്റെ വായന മൂസ കൊമ്പൻ നിർവഹിച്ചു. സ്ത്രീപുരുഷ ബന്ധങ്ങൾ, ബന്ധങ്ങളിലെ തകർച്ചകളും സങ്കീർണതകളും, പ്രണയം, ആന്തരികവും സാമൂഹികവുമായ വിമർശനങ്ങൾ എന്നിവയാണ് നോവലിന്റെ പ്രധാന പ്രമേയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദം നഷ്ടപ്പെട്ട് നിശ്ശബ്ദരാക്കപ്പെടുന്നവരുടെ കഥയാണ് നോവൽ പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിഖ്യാതമായ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ‘അമ്മ’ എന്ന കഥ ഷംസുദ്ദീൻ മച്ചിഞ്ചേരി അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഉപ്പുസത്യാഗ്രഹവും പശ്ചാത്തലമാകുന്ന കൃതിയിൽ ദേശസ്നേഹവും മാതൃസ്നേഹവും ഒരുപോലെ ഇഴചേർന്നുനിൽക്കുന്നതും അമ്മയെന്ന സ്നേഹസാന്നിധ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം വായനാനുഭവത്തിലൂടെ പങ്കുവെച്ചു.
എം.ടി. വാസുദേവൻ നായരുടെ ‘മഞ്ഞ്’ എന്ന നോവലിന്റെ വായനാനുഭവം ഷബി അബ്ദുൽസലാം പങ്കുവെച്ചു. വിഷാദം, ഏകാന്തത, കാത്തിരിപ്പ് എന്നിവയിലൂടെ ഒരിക്കലും വരാത്തവർക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യരുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വള്ളുവനാടൻ പശ്ചാത്തലത്തിൽനിന്ന് മാറി നൈനിറ്റാളിന്റെ മനോഹരമായ പ്രകൃതിഭംഗിയിൽ രചിക്കപ്പെട്ട കൃതിയുടെ സവിശേഷതകളും അദ്ദേഹം വിശദീകരിച്ചു.
വായനയ്ക്കുശേഷം നടന്ന ചർച്ചയിൽ വിപിൻകുമാർ, സീബ കൂവാട്, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അലിയുടെ ‘ഗാന്ധിത്തൊടൽമാല’ എന്ന കവിത സുഭാഷ് സദസ്സിൽ അവതരിപ്പിച്ചു. ചർച്ചകൾ ഉപസംഹരിച്ച് സുരേഷ് ലാൽ സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്ററായി.
