റിയാദ്: ചികിത്സയ്ക്കായി അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തിയ മകൾക്ക് ഒടുവിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനൊപ്പം മടക്കം. തൃശൂർ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസി (67)യുടെ വിയോഗത്തിനിടയിൽ, മകൾ അന്നയുടെ സ്നേഹവും കാത്തിരിപ്പും സഹായത്തിനെത്തിയവരുടെ മനസ്സിൽ നൊമ്പരമായി.
യുകെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ് റിയാദിലെത്തിയത്. അച്ഛനെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകണമെന്നായിരുന്നു ആഗ്രഹം. മടക്കയാത്രയിൽ അദ്ദേഹം ധരിക്കാൻ വെള്ള ഷർട്ടും പാന്റ്സും ഷൂവും കരുതിയിരുന്നു. ഒടുവിൽ അതേ വസ്ത്രങ്ങൾ അച്ഛന്റെ അവസാന യാത്രയ്ക്കായി അവൾക്ക് കൈമാറേണ്ടിവന്നു.
കഴിഞ്ഞ 33 വർഷമായി പ്രവാസിയായിരുന്ന ദേവസി ആദ്യകാലത്ത് ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അൽ ഖർജിൽ സ്വന്തമായി ലോണ്ട്രി നടത്തുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആദ്യം അൽ ഖർജിന് സമീപം ദിലത്തിലുള്ള പ്രിൻസ് സൽമാൻ ഇബ്ന് മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റിയാദിലെ ശുമൈസിയിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒക്ടോബർ 15ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു.
ഹെൽപ്ലൈൻ നഴ്സ് വഴി ലഭിച്ച സഹായാഭ്യർഥനയെത്തുടർന്നാണ് ഷംനാദ് കരുനാഗപ്പള്ളി കുടുംബവുമായി ബന്ധപ്പെടുന്നത്. സ്ട്രെച്ചറിൽ ദേവസിയെ നാട്ടിലെത്തിക്കാനുള്ള സഹായമായിരുന്നു ആവശ്യം. അന്നയുമായി സംസാരിച്ച് ആശുപത്രിയിലെത്തി ദേവസിയെ കണ്ട ഷംനാദ്, ഷിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. തുടർന്ന് ഷിഹാബ് ആശുപത്രിയിലെത്തി യാത്രയ്ക്കുള്ള നടപടികളിൽ ഇടപെട്ടു.
ദേവസിയുടെ പേരിലുണ്ടായിരുന്ന ഹുറൂബ് യാത്രയ്ക്ക് തടസ്സമായതോടെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. എംബസി ഉദ്യോഗസ്ഥൻ സാബിർ അനുകൂലമായി ഇടപെട്ടു. ഹുറൂബ് നീക്കി എക്സിറ്റ് നേടി ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം. ഇതോടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
യാത്ര അനിശ്ചിതമായി നീണ്ടപ്പോൾ അന്നയോട് ആദ്യം നാട്ടിലേക്ക് മടങ്ങാമെന്നും അച്ഛനെ എത്തിക്കാനുള്ള കാര്യങ്ങൾ നോക്കാമെന്നും സഹായപ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ കൊണ്ടുപോകാനാണ് താൻ വന്നതെന്നും അദ്ദേഹത്തിനൊപ്പംതന്നെ മടങ്ങണമെന്നുമായിരുന്നു അവളുടെ മറുപടി.
റിയാദ് വിമാനത്താവളം ഏതാനും ദിവസത്തേക്ക് താൽക്കാലികമായി അടച്ചതും പിന്നീട് അനുയോജ്യമായ വിമാനസൗകര്യം ലഭിക്കാതിരുന്നതും യാത്ര വൈകിച്ചു. കാർഗോ സർവീസുകളിലെ തടസ്സങ്ങളും യാത്രാവിമാനങ്ങളിൽ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള പരിമിതികളും നേരിട്ടതോടെ മറ്റു വഴികൾ അന്വേഷിച്ചു. ഒടുവിലാണ് ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ സൗകര്യം ലഭിച്ചത്.
ഈ കാത്തിരിപ്പിനിടയിലാണ് അച്ഛനുവേണ്ടി കൊണ്ടുവന്ന വസ്ത്രങ്ങൾ അവസാന യാത്രയിലും ധരിപ്പിക്കണമെന്ന ആഗ്രഹം അന്ന അറിയിച്ചത്. അവ ഏറ്റുവാങ്ങിയ നിമിഷം ഏറെ വേദനാജനകമായിരുന്നുവെന്ന് സഹായപ്രവർത്തകർ പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം യാത്രയ്ക്കായി ഒരുക്കിയത്.
ഹുറൂബ് നീക്കൽ, എക്സിറ്റ്, ആശുപത്രി–പൊലീസ് രേഖകൾ, എംബാമിങ്, വിമാനയാത്ര എന്നിവയ്ക്കുള്ള നടപടികൾ ഷിഹാബ് കൊട്ടുകാട് നിരന്തരം പിന്തുടർന്നു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എംബാമിങ്ങിനും ടിക്കറ്റിനും ഉൾപ്പെടെയുള്ള പിന്തുണ ലഭ്യമാക്കി. കൊച്ചിയിലെത്തിയശേഷമുള്ള യാത്രയ്ക്കായി നോർക്കയുടെ ആംബുലൻസും അദ്ദേഹം ഏർപ്പാടാക്കി.
രേഖകൾ ശരിയാക്കാൻ ഷിഹാബിനൊപ്പം ദിലത്തിലേക്ക് നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ സേവനപ്രവർത്തനങ്ങളുടെ വ്യാപ്തി ബോധ്യപ്പെടുത്തിയതായി ഷംനാദ് പറഞ്ഞു. ഒന്നര–രണ്ടു മണിക്കൂർ യാത്രയ്ക്കിടെ ജോലി തർക്കങ്ങൾ, ഹുറൂബ്, ഇഖാമ പ്രശ്നങ്ങൾ, ജയിലിൽ കഴിയുന്നവരുടെ സഹായാഭ്യർഥനകൾ എന്നിവയുമായി വിവിധ ഭാഷക്കാരുടെ കോളുകൾ തുടർച്ചയായി എത്തിയിരുന്നു. ഓരോരുത്തരെയും ക്ഷമയോടെ കേട്ടും മറുപടി നൽകിയും ലഭിക്കാതെപോയ കോളുകളിലേക്ക് തിരികെ വിളിച്ചുമായിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ദേവസിയുടെ സുഹൃത്ത് റെജികുമാർ, നിഷ ബാബു, അഭിലാഷ് മാത്യു, ദിലത്തിലെ ആശുപത്രിയിലെ നഴ്സ് ജിഷ അഭിലാഷ്, അൽ ഖർജിലെ ഹെൻറി തോമസ്, രഞ്ജിത രാജൻ, ജിഷ, സഞ്ജു, ബിൻസി, സജീഷ്, ലിജി, ജിജിൻ വർഗീസ് എന്നിവരും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും വിവിധ ഘട്ടങ്ങളിൽ കുടുംബത്തിന് പിന്തുണയായി.
വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം കുടുംബമായി സൗദിയിൽ താമസിച്ചിരുന്ന അന്ന പിന്നീട് നാട്ടിലേക്ക് മടങ്ങിയാണ് പഠനം തുടർന്നത്. ഇത്തവണ റിയാദിൽ കഴിഞ്ഞ ഇരുപത്തഞ്ച് ദിവസത്തിനിടെ ലഭിച്ച സ്നേഹവും കരുതലും ഒരിക്കലും മറക്കാനാകില്ലെന്ന് അവൾ പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ച അന്ന, എംബസി ഉദ്യോഗസ്ഥൻ സാബിർ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി എന്നിവരോട് പ്രത്യേകം നന്ദി അറിയിച്ചു.
യാത്രാനടപടികൾ പൂർത്തിയാക്കാൻ ഷിഹാബ് കൊട്ടുകാടും ദമാമിലേക്ക് ഒപ്പം പോയി. ഒക്ടോബർ 29ന് പുലർച്ചെ 12.55ന് ദമാമിൽനിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഭൗതികശരീരം കൊണ്ടുപോകുന്നത്. അന്നയും ഇതേ വിമാനത്തിൽ യാത്ര ചെയ്യും. രാവിലെ 7.55ന് കൊച്ചിയിലെത്തും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും.
ഭാര്യ ഷൈനി. മക്കൾ: അന്ന ദേവസി, നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ആനിറ്റ് ദേവസി.
അച്ഛനെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന ആഗ്രഹം സഫലമായില്ലെങ്കിലും അദ്ദേഹത്തിനൊപ്പം മടങ്ങണമെന്ന തീരുമാനത്തിൽ അന്ന ഉറച്ചുനിന്നു. അച്ഛനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മകൾ അവസാന യാത്രയിലും കൂട്ടാകുമ്പോൾ, ആ ആത്മബന്ധം സഹായത്തിനെത്തിയവരുടെ മനസ്സിലും മായാത്ത ഓർമയായി.
